19 April, 2024 11:06:14 PM
ചികിത്സയിലായിരുന്ന പട്ടികവർഗ യുവതിക്ക് ആംബുലൻസ് സൗകര്യം നിഷേധിച്ചതായി പരാതി
ഏറ്റുമാനൂർ : ചികിത്സയിലായിരുന്ന പട്ടികവർഗ
വിഭാഗത്തിൽപെട്ട യുവതിക്ക്
ആംബുലൻസ് സൗകര്യം നിഷേധിച്ചതായി പരാതി. ഏറ്റുമാനൂർ കോടതിപ്പടിയിൽ വാടകയ്ക്ക് താമസിയ്ക്കുന്ന അജിത ആനന്ദൻ കോട്ടയം മെഡിക്കൽ കോളേജിൽ ആഴ്ചകളോളം ചികിത്സയിൽ കഴിഞ്ഞതിനു ശേഷം ഏറ്റുമാനൂരിലെ വാടക വീട്ടിലേക്കു പോകുന്നതിനുള്ള സൗകര്യമാണ് ലഭിക്കാതിരുന്നത്.
ഹിന്ദു മലവേട വിഭാഗത്തിൽപ്പെട്ട ഇവർ പട്ടികവർഗ വിഭാഗത്തിൽ
പെടുന്നവരാണന്നും ചികിത്സാസഹായവും വാഹനസൗകര്യവും നൽകണമെന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെ കത്തും ഇവരുടെ കയ്യിലുണ്ട്. കൂലിപ്പണിക്കാരനായ ഭർത്താവ് സന്തോഷ് ആണ് കൂടെയുള്ളത്.
സ്കൂൾ വിദ്യാർത്ഥികളായ മക്കൾ
മുത്തശ്ശിക്കൊപ്പമാണ് കഴിയുന്നത്.
ഇഞ്ചക്ഷനും മരുന്നുകളും ആശുപത്രിയിൽ നിന്നും നൽകിയിരുന്നു. ഡിസ്ചാർജ് ചെയ്തതോടെ കോടതിപടിയിലെ വാടകവീട്ടിലേക്ക്പോകുന്നതിനായി ഏറ്റുമാനൂർ ഫാമിലി ഹെൽത്ത് സെൻ്ററിലെ ആംബുലൻസ്
വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നാണ് പരാതി. ഏറ്റുമാനൂർ ഫാമിലി ഹെൽത്ത് സെൻറർ മാനേജ്മെന്റ് കമ്മിറ്റി മെമ്പർമാരായ അഡ്വക്കേറ്റ് സിബി വെട്ടൂർ, രഘുനാഥൻ നായർ കെ.എസ്. എന്നിവർ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസറുമായും, പിന്നീട് മന്ത്രി വി. എൻ. വാസവനുമായും ബന്ധപ്പെട്ട ശേഷമാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും മറ്റൊരു ആംബുലൻസ് വിട്ടു നൽകാൻ തീരുമാനമായത്.
ഏറ്റുമാനൂർ ഫാമിലി ഹെൽത്ത് സെന്ററിന് സ്വന്തമായി ആംബുലൻസ് സർവീസ് ഉണ്ടെങ്കിലും പട്ടിക വിഭാഗത്തിൽപ്പെട്ട രോഗിയുടെ ചികിത്സയ്ക്ക് വാഹനവും ധനസഹായവും നൽകണമെന്ന് ഉത്തരവ് നിലനിൽക്കെയാണ് നീതി നിഷേധമാണുണ്ടായതെന്ന് അഡ്വക്കേറ്റ് സിബി വെട്ടൂർ പറഞ്ഞു.