19 April, 2024 04:10:21 PM
കുട്ടികൾക്ക് വേറിട്ട അനുഭവമായി കളിമൺ ശിൽപ നിർമ്മാണ പഠനം ഏറ്റുമാനൂരില്‍
ഏറ്റുമാനൂർ: ഏറ്റുമാനൂർ ക്ഷേത്ര സംരക്ഷണ സമിതി സനാതന ധർമ്മ പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാലയിലെ കളിമൺ ശിൽപ നിർമ്മാണ പഠനം കുട്ടികൾക്ക് വേറിട്ട അനുഭവമായി .ശില്പശാലയുടെ സമാപന ദിനത്തിലാണ് ചിത്രരചനയും, ശില്പ നിർമാണവും സംബന്ധിച്ചുള്ള പഠന ക്ലാസ് വിദ്യാർത്ഥികൾക്ക് ഒരുക്കിയത്. ശില്പിയും, ചിത്രകാരനും, ഗാന രചയിതാവുമായ ദിനേഷ് കെ പുരുഷോത്തമനാണ് ക്ലാസിന് നേതൃത്വം നൽകിയത്. പുതു തലമുറയിലെ കുട്ടികൾക്ക് കളിമണ്ണ് എന്താണെന്നും, എവിടെ നിന്നാണ് ലഭ്യമാകുന്നത് എന്നത് സംബന്ധിച്ച് കൂടുതൽ അറിവില്ല.കളിമണ്ണ് ഉപയോഗിച്ചുള്ള പ്രതിമകൾ കാഴ്ചയിൽ കാണുന്നുണ്ടെങ്കിലും നിർമ്മാണ രീതി അറിയില്ല.കുട്ടികളുടെ സർഗ്ഗശേഷി തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയാണ് ക്ലാസ്സ് മുഖേന ലക്ഷ്യമിടുന്നത്.കളിമണ്ണിൽ വിവിധ രൂപങ്ങൾ മെനഞ്ഞ ഓരോ ഓരോ കുട്ടിയും അവരവരുടെ മികവ് തെളിയിച്ചു. വളർന്നുവരുന്ന തലമുറയെ പ്രതിഭകളായി കാണുകയും,വരും നാളുകളിൽ കളിമൺ ശില്പ നിർമ്മാണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടാകണമെന്നും ശില്പി പറഞ്ഞു. ശില്പശാലയിൽ എത്തിയ കുട്ടികൾക്കും കളിമൺ ശില്പ നിർമ്മാണം കൗതുകമുണർത്തി.ശില്പശാലയുടെ സമാപന ദിവസമായ ഇന്ന് മാതാപിതാക്കൾ എന്നും തണൽ മരങ്ങൾ എന്ന വിഷയത്തിൽ ഡോക്ടർ ബിന്ദു എ ആർ , ഭാഷകൾ സ്വായത്തമാക്കാൻ ചില സൂത്രവിദ്യകൾ എന്ന വിഷയത്തിൽ ദിവ്യ കെ എം, അഞ്ജന എം എന്നിവർ ക്ലാസ് നയിച്ചു. മുൻ പ്രസിഡന്റ് എം കെ മുരളീധരന്റെ സമാപന സന്ദേശത്തോടെ ശില്പശാലയ്ക്ക് സമാപനമായി.