15 April, 2024 07:47:15 PM
മുന്‍വൈരാഗ്യം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; അതിരമ്പുഴ സ്വദേശി അറസ്റ്റിൽ
ഏറ്റുമാനൂർ : യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം നാല്പത്തിമല ഭാഗത്ത് തടത്തിൽ വീട്ടിൽ അശ്വിൻ സുരേന്ദ്രൻ (23) എന്നയാളാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് 6.30 മണിയോടുകൂടി ഞൊങ്ങിണിക്കവല സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ കഴുത്തിന് വെട്ടാന്‍ ശ്രമിക്കുകയുമായിരുന്നു. ഇത് തടഞ്ഞ യുവാവിന്റെ കൈയിൽ മുറിവേൽക്കുകയും ചെയ്തു. ഇവർ കഴിഞ്ഞ ഓണത്തിന് ഞൊങ്ങിണി കവല ഭാഗത്ത് വെച്ച് നടന്ന ഗാനമേളയ്ക്ക് അലമ്പ് ഉണ്ടാക്കുകയും ,യുവാവ് ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ഇന്നലെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്.ഓ ഷോജോ വർഗീസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.