27 March, 2024 01:02:23 PM
കോടതി കനിഞ്ഞു; പേരൂരിലെ നെൽകർഷകർക്ക് ആശ്വാസം
ഏറ്റുമാനൂർ : കോടതി കനിഞ്ഞു. പേരൂർ, തെള്ളകം പാടശേഖരത്തിലെ നെൽ കർഷകർക്ക് ആശ്വാസം. കടുത്ത വേനലിനിടയിലും വെള്ളക്കെട്ട് ഉണ്ടായതാണ് കർഷകരെ ദുരിതത്തിലാഴ്ത്തിയത്. പാടത്തിനു നടുക്ക് കൂടി ഒഴുകി മീനച്ചിലാറ്റിൽ സംഗമിക്കുന്ന തോട്ടിൽ പാലം നിർമ്മാണത്തിന്റെ പേരിൽ തടയണ നിർമ്മിച്ചതോടെ വെള്ളപ്പൊക്കം ഉണ്ടായതോടെ പ്രതിഷേധവുമായി കർഷകർ രംഗത്ത് എത്തിയെങ്കിലും അധികൃതർ മൗനം പാലിക്കുകയായിരുന്നു. ഇതോടെ കർഷകർ ഹൈകോടതിയെ സമീപിച്ചു. പാടത്തുനിന്നും വെള്ളം പമ്പ് ചെയ്ത് കൃഷിനാശം ഉണ്ടാകാതിരിക്കാൻ നടപടി എടുക്കണമെന്ന് ഇന്നലെ കോടതി ഉത്തരവിട്ടു.
360 ഏക്കറിൽ നിന്ന് 'നൂറ് മേനി' വിളഞ്ഞിരുന്ന പാടശേഖരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും പ്രകൃതിക്ഷോഭവും വേനൽ മഴയും മൂലം കൃഷിനാശം സംഭവിക്കുന്നത് പതിവായതും ഒട്ടേറെ കർഷകർ കൃഷിയിൽ നിന്ന് പിൻതിരിയാൻ കാരണമായിരുന്നു. ഇപ്പോൾ വെറും 125 ഏക്കറിൽ മാത്രമായി കൃഷി. ഇതിനിടെയാണ് 'മനുഷ്യനിർമിത' വെള്ളപൊക്കം പ്രശ്നമായത്. ഇതോടെ 85 ദിവസം മാത്രമായ നെൽച്ചെടികൾ വെള്ളത്തിനടിയിലായി.
റോഡ് നവീകരണത്തിൻ്റെ ഭാഗമായാണ് കറുത്തേടം ജംഗ്ഷന് സമീപം പാലം പണിയാൻ തോടിന് കുറുകെ തടയണ നിർമ്മിച്ചത്. ഇതോടെ മീനച്ചിലാറ്റിലേക്കുള്ള ഒഴുക്ക് തടസപ്പെട്ട് പാടത്ത് വെള്ളം പൊങ്ങിയത്. 40 എച്ച് പി യുടെ 2 മോട്ടോറുകൾ സ്ഥാപിച്ച് എത്രയും വേഗം തോട്ടിലെ വെള്ളം വറ്റിക്കണമെന്നും കൃഷി ഓഫീസറുടെ മേൽനോട്ടത്തിൽ പരിശോധിച്ച് 30-3-2024ന് മുൻപ് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.