22 March, 2024 07:42:48 PM
ഉറവിട മാലിന്യസംസ്കരണം: 100% ലക്ഷ്യം കൈവരിച്ച് ഏറ്റുമാനൂർ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍
ഏറ്റുമാനൂര്‍: എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്കരണം എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം ലക്ഷ്യം കണ്ടു. അസോസിയേഷന്‍ അംഗങ്ങളുടെയെല്ലാം വീടുകളില്‍ ഉറവിടമാലിന്യസംസ്കരണ യൂണിറ്റുകള്‍ ഉറപ്പാക്കികൊണ്ടാണ് അസോസിയേഷന്‍റെ ഈ നേട്ടം. ഉറവിടമാലിന്യത്തിന് ഫലപ്രദമായ സൌകര്യങ്ങള്‍ ഇല്ലാത്ത വീടുകളിലെല്ലാം സബ്സിഡി നിരക്കില്‍ ജിബിന്‍ എത്തിച്ചുകൊണ്ടാണ് മറ്റെങ്ങുമില്ലാത്ത രീതിയില്‍ അസോസിയേഷന്‍ ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷമായി അസോസിയേഷന്‍ നടത്തിവരുന്ന പരിസ്ഥിതിസൌഹൃദപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള പദ്ധതി എല്ലാ അംഗങ്ങളുടെ വസതികളിലും നടപ്പാക്കാന്‍ തീരുമാനമായത്. ഇതിന്‍റെ ആദ്യപടിയായി നടന്നത് ഉറവിടമാലിന്യസംസ്കരണം കൃത്യമായി എല്ലാ അംഗങ്ങളുടെ വീടുകളിലും നടക്കുന്നുണ്ടോ എന്ന സര്‍വേയാണ്. ഇതിലൂടെ ഉറവിടമാലിന്യസംസ്കരണയൂണിറ്റുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നവരുടെയും ഇല്ലാത്തവരുടെയും എണ്ണം എടുക്കാനായി. ചിലര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലപ്രദമായല്ല എന്നും മനസിലാക്കി.
രണ്ടാം ഘട്ടമായി സര്‍ക്കാരിന്‍റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുമായി ചേർന്ന് എല്ലാ വീടുകളിലും സബ്സിഡി നിരക്കില്‍ ഉറവിടമാലിന്യസംസ്കരണയൂണിറ്റ് എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി ആദ്യം സമീപിച്ചത് ജില്ലാ ശുചിത്വമിഷനെയാണ്. സബ്സിഡി നിരക്കില്‍ പദ്ധതി ഉടന്‍ നടപ്പിലാക്കണമെങ്കില്‍ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെടാന്‍ ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതനുസരിച്ച് ജിബിന്‍ ആവശ്യമുള്ളവരുടെ ലിസ്റ്റ് സഹിതം ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് അസോസിയേഷന്‍ അപേക്ഷ നല്‍കി.
മാലിന്യനിർമാർജനത്തിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ടും 15ലധികം വരുന്ന മറ്റു പ്രോജക്ടുകള്‍ കോര്‍ത്തിണക്കികൊണ്ടും 2024ല്‍ അസോസിയേഷന്‍ നടപ്പിലാക്കുന്ന 'ഉണര്‍വ് 2024' പദ്ധതിയുടെ മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് പിന്നാലെ ജി ബിന്‍ വിതരണത്തിന്‍റെ ആദ്യഘട്ടവിതരണത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയില്‍ നഗരസഭ ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷ ബീനാ ഷാജി, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണബാങ്ക് മാനേജര്‍ ഷീലാ റാണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി എല്ലാ വീടുകളിലും ജി ബിന്‍ എത്തിച്ചതോടെയാണ് മാലിന്യസംസ്കരണരംഗത്ത് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ പുത്തന്‍ അധ്യായം തുറന്നത്.
അസോസിയേഷന്‍ വൈസ് പ്രസിഡന്‍റുമാരായ രാജു സിറിയക്, എ.വി.പ്രദീപ്കുമാര്‍, സെക്രട്ടറി ബി.സുനില്‍കുമാര്‍, ജോയിന്‍റ് സെക്രട്ടറിമാരായ ടി.ജി.രാമചന്ദ്രന്‍ നായര്‍, അമ്മിണി സുശീലന്‍ നായര്‍, ട്രഷറര്‍ എന്‍.വിജയകുമാര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ദിനേശ് ആര്‍ ഷേണായ്, കമ്മറ്റിയംഗങ്ങളായ ബി.അരുണ്‍കുമാര്‍, ജി.മാധവന്‍കുട്ടി നായര്‍, സ്ത്രീശക്തി ഭാരവാഹികളായ ബീനാ രാമചന്ദ്രന്‍, ശ്രീകല രാജു, സുപ്രിയ ശ്രീകുമാർ എന്നിവര്‍ നേതൃത്വം നല്‍കി.