19 March, 2024 09:05:32 PM
കുടിവെള്ളമില്ല; ഏറ്റുമാനൂർ പടിഞ്ഞാറെനട കുടിവെള്ള പദ്ധതിക്കെതിരെ അഴിമതി ആരോപണവുമായി സംരക്ഷണ സമിതി
![](https://www.kairalynews.com/uploads/page_content_images/kairaly_news_17108626830.jpeg)
ഏറ്റുമാനൂർ: ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തി ഏതാനും വർഷം മുൻപ് തുടങ്ങി വെച്ച ഏറ്റുമാനൂർ പടിഞ്ഞാറേ നട കുടിവെള്ള പദ്ധതി വീണ്ടും വിവാദത്തിലേക്ക്. ഏകദേശം 192 ഉപഭോക്താക്കൾ ഉള്ള പടിഞ്ഞാറേനട കുടിവെള്ള സമിതിയുടെ കുടിവെള്ള വിതരണം ഈ കൊടും ചൂടിലും ഏതാനും ദിവസമായി നിർത്തിവെച്ചിരിക്കുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണമായി.
ടാങ്കിനുള്ളിലെ പെയിന്റിങ്ങിന്റെ കാരണം പറഞ്ഞാണ് ഈ നടപടി. കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്ന അവസരത്തിൽ വെള്ളം പമ്പ് ചെയ്യുന്ന അന്നുതന്നെ പെയിന്റിംഗ് കാരണം പറഞ്ഞ് വിതരണം നിർത്തിവെച്ചിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം. മാത്രമല്ല വ്യാപകമായ അഴിമതിയും ഇതിന്റെ പിന്നിലുണ്ടെന്ന് ആരോപണം ഉയർന്നു.
സമിതിയുടെ വാർഷിക പൊതുയോഗ നോട്ടീസിൽ ഒന്നര വർഷം മുമ്പ് അതായത്, 2022 നവംബറിൽ പെയിന്റ് ചെയ്തതായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ പ്രസിഡണ്ടും സെക്രട്ടറിയും വൈസ് പ്രസിഡണ്ടും കൂടി മുഴുവൻ ഉപഭോക്താക്കളെയ്യും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
എല്ലാവർഷവും തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിയമാവലിയിൽ പറയുന്നുണ്ട്. എന്നാൽ മുഴുവൻ ഉപഭോക്താക്കൾക്കും നോട്ടീസ് കൊടുക്കാതെ തന്നിഷ്ടക്കാരായ കുറച്ചു പേരെ മാത്രം ചേർത്ത് ഭരണസമിതി ഉണ്ടാക്കുന്ന പ്രവണത കഴിഞ്ഞ മൂന്നു വർഷമായി തുടരുകയാണെന്ന് ഉപഭോക്താക്കൾ ചേർന്ന് രൂപം നൽകിയ കുടിവെള്ള സംരക്ഷണ സമിതി നേതാക്കൾ കുറ്റപ്പെടുത്തുന്നു.
13 വർഷങ്ങൾക്ക് മുമ്പ് 75ൽ പരം ആൾക്കാരിൽ നിന്നും ആയിരം രൂപ വെച്ച് പിരിവ് എടുത്തെങ്കിലും അവർക്ക് കണക്ഷൻ ഇതുവരെ കൊടുത്തിട്ടില്ല. രൂപയും തിരിച്ചു കൊടുത്തിട്ടില്ല. പലരോടും മൂവായിരം രൂപ വീതം പിരിച്ചു. അവർക്കും കണക്ഷനോ രൂപയോ തിരിച്ചു കൊടുത്തിട്ടില്ല. രണ്ട് കോൺട്രാക്ടർമാർക്കായി മൂന്നു ലക്ഷത്തിലധികം രൂപ കുടിശികയുണ്ട്. അതേസമയം അടച്ച രൂപ പലിശ സഹിതം തിരിച്ചു കിട്ടുവാൻ നിയമ നടപടി സ്വീകരിക്കുവാൻ സമിതിയുടെ മുൻ പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ അംഗങ്ങളായ കുടിവെള്ള സംരക്ഷണ സമിതി തീരുമാനിച്ചു.
ഏറ്റുമാനൂര്‍ നഗരസഭ 34-ാം വാര്‍ഡിൽ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറെനട കുടിവെള്ള പദ്ധതിയുടെ പ്രധാന ഉപഭോക്താക്കൾ 33, 34 വാർഡുകളിലെ ജനങ്ങളാണ്. എന്നാൽ നഗരസഭയുമായി ചർച്ചകൾ നടത്താതെയും മറ്റും ബിജെപി അംഗം കൂടിയായ 34-ാം വാര്‍ഡ് കൗൺസിലർ ഏകപക്ഷീയമായി പദ്ധതി നടത്തിപ്പിനുള്ള കാര്യങ്ങൾ നീക്കിയതാണ് ആദ്യ വിവാദത്തിന് കാരണമായത്. ഇതേചൊല്ലി ഈ കൗൺസിലരും ഭരണ - പ്രതിപക്ഷ അംഗങ്ങളും ചെരിതിരിഞ്ഞു നഗരസഭ കൗൺസിലിൽ ഉണ്ടായ ബഹളം നിയന്ത്രണാതീതമായത് ഏറെ ചർച്ചയായിരുന്നു.
കുടിവെള്ള പദ്ധതിയ്ക്ക് നഗരസഭ പണം നല്‍കുന്നില്ലെന്ന് കാട്ടി കൗണ്‍സിലര്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതും വിവാദമായിരുന്നു. ഇതും നഗരസഭയിൽ ബഹളത്തിന് കാരണമായി. ഇതിന് പിന്നാലെയാണ് നഗരസഭയെ പ്രതികൂട്ടില്‍ നിര്‍ത്തി കൗൺസിലർ പത്രസമ്മേളനം വിളിച്ചത്. ഇല്ലാത്ത പദ്ധതിയ്ക്കു വേണ്ടിയാണ് കൗണ്‍സിലറുടെ മുറവിളി എന്ന് കാട്ടി നഗരസഭാ ചെയര്‍മാനും രംഗത്തെത്തിയതോടെ പോര് ഒന്നുകൂടി മുറുകി. നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റിയിലോ ജനറല്‍ കൗണ്‍സിലിലോ ചര്‍ച്ച ചെയ്യുക പോലും ചെയ്യാത്ത പദ്ധതിയ്ക്ക് തുക അനുവദിക്കുന്നില്ലെന്ന് കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയത് അധികാരികളെ തെറ്റിദ്ധരിപ്പിക്കാനാണെന്നായിരുന്നു നഗരസഭയുടെ വാദം.
ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോള്‍ 2012-13 ല്‍ വാലുതൊട്ടി കുടിവെള്ള പദ്ധതി എന്ന പേരില്‍ ആരംഭിച്ച പദ്ധതിയ്ക്ക് പിന്നീട് 22, 23 വാര്‍ഡ് കുടിവെള്ള പദ്ധതി എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. ഇതനുസരിച്ച് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കിണര്‍ കുഴിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതി ഇല്ലാത്തതിനാല്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ലഭിച്ചില്ല. ഈ കിണര്‍ ഇപ്പോള്‍ മാലിന്യകൂമ്പാരമായി മാറിയിരിക്കുകയാണ്.
2013-14 ല്‍ പടിഞ്ഞാറെ നട കുടിവെള്ളപദ്ധതി എന്ന പേരില്‍ ഏഴ് ലക്ഷം രൂപാ അനുവദിക്കുകയും പ്രധാന പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ചെയ്തു. 2014-15 ല്‍ ഒമ്പത് ലക്ഷം രൂപാ മോട്ടോറും പൈപ്പ് ലൈനും സ്ഥാപിക്കുന്നതിന് അനുവദിച്ചെങ്കിലും നിശ്ചിതസമയത്ത് ഗുണഭോക്തൃസമിതിയോഗം വിളിക്കുകയോ എഗ്രിമെന്‍റ് വെക്കുകയോ ചെയ്യാതിരുന്നതിനാല്‍ ഫണ്ട് ലാപ്സായി. 2015-16 ല്‍ ആറ് ലക്ഷം രൂപാ അനുവദിച്ചെങ്കിലും എഗ്രിമെന്‍റ് വെക്കാത്തതിനാല്‍ ആ തുകയും ലാപ്സായി.
ഇതിനിടെയാണ് 230 ഓളം ഗുണഭോക്താക്കളില്‍ നിന്ന് 2000 രൂപാ പ്രകാരം പിരിവെടുത്ത് സ്ഥലം വാങ്ങിയത്. എന്നാലിത് ബാങ്കില്‍ ബാധ്യത നില്‍ക്കുന്ന സ്ഥലമായിരുന്നു. പോക്കുവരവ് ചെയ്ത് തങ്ങളുടെ ആസ്തി രജിസ്റ്ററിൽ ചേർത്താലേ ഈ പദ്ധതിക്ക് ഫണ്ട് വിനിയോഗിക്കാൻ പറ്റൂ എന്നായിരുന്നു നഗരസഭയുടെ മറ്റൊരു വാദം.
ജനങ്ങളില്‍ നിന്നും തുക പിരിച്ച് ബാധ്യതയുള്ള സ്ഥലം മേടിച്ചതും അനുവദിച്ച തുക ലാപ്സായി പോയതുമൊക്കെ വിവാദങ്ങളായി മാറിയിരുന്നു. എം എൽ എ, എം പി, നഗരസഭ ഫണ്ടുകൾ ഉപയോഗിച്ച് ഒടുവിൽ പദ്ധതി തുടങ്ങി വെച്ചതും വിവാദത്തോടെയായിരുന്നു. പദ്ധതിക്കായി ഫണ്ട് ചിലവഴിച്ച ബി ജെ പി അംഗം കൂടിയായ 33-ആം വാർഡ് കൗൺസിലർക്ക് ഉദ്ഘാടനചടങ്ങിൽ വേണ്ടത്ര പ്രാധാന്യം നൽകിയില്ല എന്നതായിരുന്നു കാരണം.