06 March, 2024 10:39:15 AM


'ഒരു സർക്കാർ ഉത്പന്നം' സിനിമയുടെ തിരക്കഥകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു



പത്തനംതിട്ട: 'ഒരു സർക്കാർ ഉത്പന്നം'  സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. പത്തനംതിട്ടയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സിനിമ ഈ മാസം എട്ടിന് തീയറ്ററുകളിലെത്താനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. സക്കറിയയുടെ ഗര്‍ഭിണികള്‍, ബോംബെ മിഠായി എന്ന സിനിമകള്‍ക്കും നിസാം തിരക്കഥയൊരുക്കിയിട്ടുണ്ട്.

സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു സര്‍ക്കാര്‍ ഉത്പന്നം. ഫണ്‍-ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. സര്‍ക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ ഇതിവൃത്തം.

ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന പേരില്‍ ഒരുങ്ങിയ സിനിമയുടെ പേരില്‍ നിന്ന് ഭാരത എന്ന വാക്ക് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. പേര് മാറ്റാതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭാരത എന്ന വാക്കിനു മുകളില്‍ കറുത്ത കടലാസ് ഒട്ടിച്ച് അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K