02 March, 2024 08:00:39 PM
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം; പട്ടാപകൽ പെട്രോൾ ഊറ്റ് പതിവാകുന്നു
ഏറ്റുമാനൂർ: റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റുന്നത് പതിവാകുന്നു. വാഹനത്തിൽ നിന്ന് പെട്രോൾ ഊറ്റുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മോഷ്ടാക്കൾ കുപ്പി ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിൽ പണികൾ പുരോഗമിക്കുന്നതിനാൽ പാർക്കിംങിന് സ്ഥല പരിമിതികളുണ്ട്. ഇതിനാൽ സ്റ്റേഷനിലേക്കുള്ള വഴിയിലും, പരിസര പ്രദേശങ്ങളിലുമാണ് യാത്രക്കാർ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. ഇത് മുതലാക്കിയാണ് പെട്രോൾ മോഷണം. സംഭവത്തെ തുടർന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലും, ഏറ്റുമാനൂർ സ്റ്റേഷനിലും പരാതി നൽകി.
അസമയങ്ങളിൽ വാഹനങ്ങൾ സ്റ്റേഷനിൽ എത്തുന്നതിലെതും, പാർക്ക് ചെയ്ത് കിടക്കുന്നതിലെയും ദുരൂഹതകൾ പരിശോധിക്കുക, പഴയ സ്റ്റേഷനിലെ കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലെ സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കുക, മനയ്ക്കപ്പാടത്ത് നിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള പ്രധാന അപ്രോച്ച് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കാണണമെന്നും ഫ്രണ്ട്സ് ഓൺ റെയിൽ ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ ആവശ്യപ്പെട്ടു.