19 December, 2023 12:04:33 PM
ശബരിമലയിൽ വന്‍ ഭക്തജന തിരക്ക്; ശരംകുത്തി വരെ ക്യൂ; വെർച്വൽ ക്യൂ 90,000 കടന്നു
ശബരിമല: ശബരിമലയിൽ ഇന്ന് വന്‍ ഭക്തജന പ്രവാഹം. മണിക്കൂറിൽ 4500 പേർ വരെയാണ് പതിനെട്ടാം പടി ചവിട്ടുന്നത്. സന്നിധാനം മുതൽ ശരംകുത്തി വരെയാണ് ഭക്തരുടെ ക്യൂ നീണ്ടത്. വലിയ നടപ്പന്തലിൽ 6 വരിയയാണ് നിലവിൽ ക്യു ഏർപ്പെടുത്തിയത്. ഇന്ന് 90,000 പേരാണ് വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയത്. പമ്പയിൽ സ്പോട്ട് ബുക്കിംഗ് 4000 വും കടന്നു.
കഴിഞ്ഞ രണ്ടുദിവസം തിരക്കിന് ഒരു അയവുണ്ടായിരുന്ന സ്ഥാനത്താണ് ഇന്ന് ഭക്തർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നത്. പമ്പയിൽ നിന്നും 6 മുതൽ 8 മണിക്കൂറെടുത്തതാണ് ഭക്തർ ദർശനം നടത്തുന്നത്. ഇന്ന് രാവിലെ എട്ടുവരെ മാത്രം 30,304 പേരാണ് പതിനെട്ടാംപടി കയറിയത്. പരമാവധി വേഗത്തില്‍ ഭക്തരെ ദര്‍ശനം നടത്തി അയക്കുകയാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്.
മണ്ഡലപൂജയുടെ വലിയ തിരക്ക് പരിഗണിച്ച് തിരക്കു നിയന്ത്രണത്തിനായി സന്നിധാനത്ത് 100 പൊലീസുകാരെക്കൂടി പുതിയതായി നിയോഗിച്ചിട്ടുണ്ട്. നാലാം ഘട്ടം സേവനത്തിനുള്ള പൊലീസ് സംഘം ഇന്നെത്തും. മണ്ഡലപൂജയ്ക്ക് മുൻപുള്ള ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ് 90,000 കടന്നിട്ടുണ്ട്. സ്പോട്ട് ബുക്കിങ് കൂടിയാകുമ്പോൾ 1 ലക്ഷത്തോളം ഭക്തർ എത്താനാണ് സാധ്യതയെന്ന് ദേവസ്വം ബോർഡും പൊലീസും പറയുന്നത്.