01 December, 2023 06:20:01 PM
അയ്യപ്പ ദർശനത്തിനായി 1008 നെയ്ത്തേങ്ങകൾ നിറച്ച ഇരുമുടിയേന്തി ഭക്തന്‍
പത്തനംതിട്ട: 1008 നെയ്ത്തേങ്ങകൾ നിറച്ച ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറി അയ്യപ്പ ദർശനം നടത്തി കോട്ടയം നീണ്ടുർ സ്വദേശി സോമൻ ആചാരി. ഒരു ദശാബ്ദ കാലം മുൻപാണ് സോമൻ ആചാരി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി കൊണ്ട് നൂറിലധികം നാളികേരവുമായി മല ചവിട്ടാൻ ആരംഭിച്ചത്. ആദ്യം നൂറ്റിയൊന്ന് നാളികേരവുമായി മല കേറിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. അടുത്ത വർഷം അത് 201 ആയി തൊട്ടടുത്ത വർഷം 501 ആയും മാറി.
എട്ട് വർഷം മുൻപാണ് 1001 നാളികേരവുമായി സോമൻ ആചാരി മല ചവിട്ടിയത്. തുടർന്നുള്ള വർഷങ്ങളിൽ ഓരോ നാളികേരം വെച്ച് കൂടി. കഴിഞ്ഞ വർഷം അർബുദ ബാധിതനായതിനെ തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ ആയതിനാൽ ദർശനം നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ വർഷം വീണ്ടും 1008 നാളികേരവുമായി അദ്ദേഹം മല ചവിട്ടുകയായിരുന്നു.
തന്നെ ചികിൽസിക്കുന്ന ഡോക്ടറുടെ സമ്മതത്തിടെയാണ് സോമൻ ആചാരി മല ചവിട്ടാൻ തീരുമാനിച്ചതും വ്രതം എടുത്തതും. 41 ദിവസത്തെ വ്രതത്തിന് ശേഷം നീണ്ടൂർ ക്ഷേത്രത്തിൽ നിന്നും കെട്ടുനിറച്ചാണ് യാത്ര ആരംഭിച്ചത്. അയ്യപ്പനോടുള്ള തന്‍റെ നന്ദി സൂചകമായിട്ടാണ് വീണ്ടും രോഗവസ്ഥ തുടരുമ്പോഴും 1008 തേങ്ങയുമായി മല ചവിട്ടിയതെന്ന് സോമൻ ആചാരി പറയുന്നു.