18 October, 2023 08:46:15 AM


മഹേഷ് മുവാറ്റുപുഴ ശബരിമല മേൽശാന്തി; തോഴിയൂർ മുരളി മാളികപ്പുറം മേൽശാന്തി

 

ശബരിമല: ഏനാനെല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എന്‍ മഹേഷിനെ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് മഹേഷ്. തൃശൂര്‍ പുങ്ങാട്ട്മന പി.ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. ആദ്യനറുക്കെടുപ്പില്‍ തന്നെ ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുക്കുകയായിരുന്നു. ഏഴാമത്തെ നറുക്കിലാണ് മുരളി തെരഞ്ഞെടുക്കപ്പെട്ടത്.

ഉഷപൂജ കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിച്ചത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ വൈദേഹ് , നിരുപമ എന്നിവരാണ് നറുക്കെടുത്തത്. പതിനേഴ് പേരാണ് ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിനായുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 17 പേരുകള്‍ രാവിലെ 7.30ന് ഉഷ: പൂജയ്‌ക്കു ശേഷം ഓരോന്നായി എഴുതി ഒരു വെള്ളിക്കൂടത്തില്‍ ചുരുട്ടിയിട്ടു. മറ്റൊരു വെള്ളിക്കുടത്തില്‍ 16 വെള്ളപ്പേപ്പറും മേല്‍ശാന്തി എന്ന് എഴുതിയ പേപ്പറും ഇട്ടു. തുടര്‍ന്ന് തന്ത്രി കുടങ്ങള്‍ ശ്രീലകത്തേക്ക് കൊണ്ടുപോയി പൂജിച്ച ശേഷം ശ്രീകോവിലിന് മുന്നില്‍ വെച്ചു. തുടർന്ന് വൈദേഹ് എം. വര്‍മ്മ ആദ്യത്തെ കുടത്തില്‍ നിന്ന് നറുക്ക് എടുത്തു. 

12 പേര്‍ ആയിരുന്നു  മാളികപ്പുറം മേല്‍ശാന്തി പട്ടികയിലുണ്ടായിരുന്നത്. 
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാർ പുറപ്പെടാ ശാന്തിമാരായിരിക്കും. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K