17 October, 2023 11:41:31 AM


ശബരിമല മേൽശാന്തി നറുക്കെടുപ്പ്: പന്തളം കൊട്ടാരത്തിൽ നിന്നും കുട്ടികൾ ശബരിമലയിലേക്ക്



പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിൽ നിന്നും കുട്ടികൾ ശബരിമലയിലേക്ക് യാത്ര തിരിച്ചു. വൈദേഹും നിരുപമ ജി.വർമയുമാണ് ചൊവ്വാഴ്ച കെട്ടുനിറച്ച് ശബരിമലയിലേക്ക് പുറപ്പെട്ടത്. കുട്ടികൾക്കൊപ്പം പന്തളം പാലസ് വെൽഫെയർ സൊസൈറ്റി പ്രസിഡന്‍റ്  കെ.സി.ഗിരീഷ്‌കുമാർ, സെക്രട്ടറി പ്രസാദ് വർമ, രക്ഷിതാക്കൾ എന്നിവരും ഉണ്ട് .

പന്തളം കൊട്ടാരം കുടുംബാംഗത്തിന്‍റെ നിര്യാണത്തെത്തുടർന്ന് പന്തളം വലിയകോയിക്കൽ ക്ഷേത്രം അടച്ചിരിക്കുന്നതിനാലും അശുദ്ധിയുള്ളതിനാലും കൈപ്പുഴ ശിവക്ഷേത്രത്തിനു മുമ്പിലാണ് കെട്ടുനിറച്ചത്. കൈപ്പുഴ ശിവക്ഷേത്രം മേൽശാന്തി കേശവൻപോറ്റി കെട്ടുനിറച്ചു. 

പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്‍റ് പി.ജി.ശശികുമാർ വർമ, സെക്രട്ടറി പി.എൻ.നാരായണ വർമ, ട്രഷറർ ദീപ വർമ എന്നിവർ കുട്ടികളുടെ യാത്രയ്ക്കുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. 11-ന് ശിവക്ഷേത്രത്തിലും തുടർന്ന് കൈപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ കുട്ടികൾക്ക് മേൽശാന്തി പ്രസാദം നൽകി. 

ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സുനിൽ കുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്  ജി.പ്രൃഥ്വിപാൽ, സെക്രട്ടറി ആഘോഷ് വി.സുരേഷ്, കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്‍റ്  മനോജ് നന്ദാവനം എന്നിവർ കുട്ടികളെ സ്വീകരിച്ചു. 

മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ അയ്യപ്പ സേവാസംഘം ശാഖാ പ്രസിഡന്റ് പി.എൻ.ഗോപിനാഥൻ നായർ, സെക്രട്ടറി പി.നരേന്ദ്രൻ നായർ എന്നിവർ കുട്ടികളെ സ്വീകരണം നൽകി. പന്തളം വലിയ തമ്പുരാൻ തിരുവോണംനാൾ രാമവർമ തമ്പുരാനും കൊട്ടാരം നിർവാഹകസംഘം ഭാരവാഹികളും ചേർന്നാണ് ശബരിമല നറുക്കെടുപ്പിനുള്ള കുട്ടികളെ തിരഞ്ഞെടുത്തത്. 

2011-ലെ സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരമാണ് പന്തളം കൊട്ടാരം വലിയതമ്പുരാൻ നിർദ്ദേശിക്കുന്ന കുട്ടികളെ നറുക്കെടുപ്പിനായി അയച്ചു തുടങ്ങിയത്. ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരു വർഷക്കാലം മേൽശാന്തിയായി ചുമതല വഹിക്കേവരെയാണ് 18-ന് രാവിലെ ശബരിമല സന്നിധാനത്ത് നറുക്കിട്ടെടുക്കുന്നത്.  ശബരിമല മേൽശാന്തിയെ വൈദേഹും മാളികപ്പുറം മേൽശാന്തിയെ അനുപമയും നറുക്കിട്ടെടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K