13 September, 2023 07:05:07 PM
എട്ടുനോമ്പ് പെരുന്നാള്‍: മണർകാട് കത്തീഡ്രലിലെ നട നാളെ വൈകിട്ട് അടയ്ക്കും
കോട്ടയം: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കോട്ടയം മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് തുറന്ന നട നാളെ സന്ധ്യാപ്രാർഥനയെത്തുടർന്ന് അടയ്ക്കും. പെരുനാളിന്റെ ഏഴാം ദിവസമായിരുന്നു ചരിത്ര പ്രസിദ്ധമായ നടതുറക്കൽ ശുശ്രൂഷ നടന്നത്. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായചിത്രം വർഷത്തിൽ ഒരിക്കൽ മാത്രമാണ് പൊതുദർശനത്തിനായി തുറക്കുന്നത്.
സ്ലീബാ പെരുന്നാൾ ദിനമായ സെപ്തംബർ 14 ന് (വ്യാഴം) രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മോർ തേവേദോസ്യോസ് മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സന്ധ്യാപ്രാർഥനയ്ക്ക് കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തീമോത്തീയോസ് പ്രധാന കാർമ്മികത്വം വഹിക്കും. സന്ധ്യാപ്രാർഥനയെത്തുടർന്ന് പരിശുദ്ധ ദൈവമാതാവിന്റെ നട അടയ്ക്കും. പെരുന്നാളിനോട് അനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരങ്ങളുടെ ദൃശ്യവിരുന്നും ഇതോടൊപ്പം സമാപിക്കും.