10 August, 2023 12:31:36 PM
മണ്ണാറശാല അമ്മ ഇനി സാവിത്രി അന്തര്‍ജനം; ആഘോഷങ്ങളില്ലാതെ ഇത്തവണ ആയില്യം
ആലപ്പുഴ: മുറ അനുസരിച്ച് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അടുത്ത അമ്മയായി സാവിത്രി അന്തര്‍ജനം (83) ചുമതലയേൽക്കും. കഴിഞ്ഞ ദിവസം അന്തരിച്ച ഉമാദേവി അന്തര്‍ജനത്തിന്‍റെ ഭര്‍തൃസഹോദര പുത്രന്‍ പരേതനായ എം വി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ഭാര്യയാണ് സാവിത്രി അന്തര്‍ജനം. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്‍റെയും മകളാണ്. സംസ്ക്കാരചടങ്ങുകൾക്ക് മുന്നോടിയായി ആപാദ തീർഥം അഭിഷേകം ചെയ്താണ് പിൻഗാമിയെ അവരോധിച്ചത്.
ഇന്നലെ രാവിലെ 10.15നാണ് മണ്ണാറശാലയിലെ മുഖ്യ പൂജാരിണി അമ്മ ഉമാദേവി അന്തര്‍ജനം (93) സമാധിയായത്. ക്ഷേത്രത്തിനും നിലവറയ്ക്കും മധ്യേ അമ്മമാർക്കായുള്ള പ്രത്യേക സ്ഥലത്താണ് രാത്രി വൈകി സംസ്ക്കാര ചടങ്ങുകൾ നടത്തിയത്. അനാരോഗ്യം കാരണം ഏതാനും വര്‍ഷങ്ങളായി അമ്മ നിത്യപൂജകളില്‍ പങ്കെടുത്തിരുന്നില്ല. അന്ത്യനാളുകളില്‍ ഏറെ അവശയായിട്ടും നാഗോപാസനയും ആചാരക്രമങ്ങളും തുടര്‍ന്നിരുന്നു.
തുലാം മാസത്തിലെ ആയില്യം നക്ഷത്രത്തില്‍ ക്ഷേത്രത്തില്‍ നടത്തുന്ന വിഗ്രഹം എഴുന്നള്ളിക്കല്‍ ചടങ്ങിന് 2016 ലാണ് അവസാനമായി അമ്മ നാഗരാജാവിന്റെ വിഗ്രഹമേന്തിയത്. 1949 ല്‍ ആണ് മണ്ണാറശാല ഇല്ലത്തെ എംജി നാരായണന്‍ നമ്പൂതിരിയുടെ വേളിയായി എത്തിയതോടെയാണ് ഉമാദേവി അന്തര്‍ജനം മണ്ണാറശാല കുടുംബാംഗമായത്. ഭര്‍ത്താവ് നാരായണന്‍ നമ്പൂതിരിയുടെ വേര്‍പാടോടെ, ഏകമകളായ വല്‍സലാദേവിയുമായി ഇല്ലത്തില്‍ തന്‍റേതായ ലോകം കണ്ടെത്തിയ ഉമാദേവി അന്തര്‍ജനം ക്രമേണ പഴയ വലിയമ്മ സാവിത്രി അന്തര്‍ജനത്തിന്‍റെ സഹായിയായി മാറുകയായിരുന്നു.
1993 ഒക്ടോബര്‍ 24ന് വലിയമ്മ സാവിത്രി അന്തര്‍ജനം സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം അമ്മയായി ചുമതലയേറ്റത്. 1995 മാര്‍ച് 22ന് അമ്മ ക്ഷേത്രത്തില്‍ പൂജ തുടങ്ങുകയും ചെയ്തു. കൂടുതല്‍ പ്രായമുള്ളവര്‍ ഇല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ച് വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തര്‍ജനത്തിനായിരുന്നു. ഉമാദേവി അന്തർജനത്തിന്‍റെ വിയോഗത്തെ തുടർന്ന് ഇത്തവണ ആയില്യം ആഘോഷങ്ങളില്ലാതെ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.