10 August, 2023 08:28:30 AM


നിറയും പുത്തരിയും: ദേവസ്വം ക്ഷേത്രങ്ങളില്‍ കതിര്‍കറ്റ വില്‍പ്പന ഈ വര്‍ഷവും തുടര്‍ന്നു



ഏറ്റുമാനൂര്‍: വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് നിറയും പുത്തരിയും നടന്നു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ പുലർച്ചെ നിറയും പുത്തരിയും ചടങ്ങിന്‍റെ ഭാഗമായി പുലർച്ചെ നിര്‍മാല്യദര്‍ശത്തിനു ശേ‍ഷം അഭിഷേകവും പൂജകളുമെല്ലാം അവസാനിപ്പിച്ചു. തുടര്‍ന്ന് പ്രത്യേകം തയാറാക്കിയ കതിരുകള്‍ ആനപ്പുറത്ത് എഴുന്നള്ളിച്ചു. 

കൊയ്ത്തുകഴിഞ്ഞ് നെല്ല് അറയില്‍ ഇടുന്ന ചടങ്ങാണ് നിറ. മുഹൂര്‍ത്തം നോക്കിവേണമെന്നാണ് വിധി. വിളഞ്ഞുകിടക്കുന്ന കതിരുകള്‍ കൊണ്ടുവന്ന് ക്ഷേത്രത്തില്‍ പൂജിച്ച് അറയില്‍ നിറക്കുന്ന ചടങ്ങിന് ഇല്ലംനിറ എന്നും പറയുന്നു. നിറപറ വെക്കുന്നതി​ന്‍റെ അടിസ്ഥാനതത്ത്വം 'നിറ'യില്‍ ഒളിഞ്ഞുകിടക്കുന്നു. നെല്‍ക്കതിരി‍ന്‍റെ കൂടെ അത്തി, ഇത്തി, അരയാല്‍, പേരാല്‍, ഇല്ലി, നെല്ലി, പ്ലാവ്, മാവ്, കാഞ്ഞിരം, കടലാടി, മുക്കുറ്റി, ശംഖുപുഷ്പം, മഞ്ഞള്‍ എന്നിവയുടെ ഇലകളും ചെറുചില്ലകളും ഇല്ലംനിറക്കായി ഒരുക്കാറുണ്ട്. പുതിയ അരി (പുന്നെല്ലരി) ആദ്യമായി ഭക്ഷിക്കുന്നതാണ് പുത്തരിയെന്ന് പറയുന്നത്. 


ഗുരുവായൂര്‍ ഉൾപ്പെടെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലേക്ക് ചടങ്ങിനുള്ള കതിരുകള്‍ എത്തിക്കുന്നത് കുന്നംകുളത്തിനടുത്ത് നിന്നാണ്. നിറയും പുത്തരിയും ചടങ്ങിന് ക്ഷേത്രങ്ങളിലേക്ക് മാത്രമായി നാല് ഏക്കറിലധികം വരുന്ന പാടത്ത് പ്രത്യേക കൃഷിയാണിവിടെ നടക്കുന്നത്. ഇവിടെനിന്നാണ് ഏറ്റുമാനൂര്‍, തിരുനക്കര, വൈക്കം, കടുത്തുരുത്തി, എരുമേലി, ചെറുവള്ളി, ളാലം, കൊടുങ്ങൂര്‍ തുടങ്ങി ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലും കതിര് എത്തിക്കുന്നത്. ശബരിമല, ഏറ്റുമാനൂര്‍ ഉള്‍പ്പെടെ ക്ഷേത്രങ്ങളില്‍ പാലക്കാട് തുടങ്ങി ദൂരദിക്കുകളില്‍നിന്നും ഭക്തര്‍ വഴിപാടായി കതിര്‍കറ്റകള്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ 15 രൂപ നിരക്കിലാണ് കതിർ കറ്റകള്‍ ഭക്തര്‍ക്ക് വില്‍ക്കുന്നത്. ഏതാനും വര്‍ഷം മുമ്പുവരെ ഇ്ത് സൌജന്യമായാണ് ലഭ്യമാക്കിയിരുന്നത്. ദേവസ്വം കൌണ്ടറില്‍ രസീത് എടുക്കാനും തുടര്‍ന്ന് കതിര്‍കറ്റകള്‍ വാങ്ങാനും ഭക്തരുടെ നീണ്ട ക്യൂ പല ക്ഷേത്രങ്ങളിലും കാണപ്പെട്ടു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K