09 July, 2023 11:28:40 PM


'ഇന്ത്യയില്‍ ആദ്യം': വിഷ്ണുവിന്‍റെ സാളഗ്രാമ പ്രതിഷ്ഠ വെള്ളമുണ്ട മഹാവിഷ്ണുക്ഷേത്രത്തില്‍



തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ആദ്യത്തെ സാളഗ്രാമപ്രതിഷ്ഠ വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ കരുവണശ്ശേരി ചതുർബാഹു ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ നടക്കുന്നു. 2023 ജൂലൈ 13 ന് (1198 മിഥുനമാസം 28 ) പകൽ 12.15 നും 12.30 നും ഇടയിൽ മുടിപ്പിലാപ്പിള്ളി ഇല്ലത്ത് വാസുദേവൻ സോമയാജിപ്പാടിന്‍റെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾക്കുശേഷം , പ്രശസ്ത സിനിമാ സംവിധായകൻ രാമസിംഹൻ ശിലാസ്ഥാപനം നടത്തും. 


ഏകദേശം 1400 വർഷത്തോളം പഴക്കമുണ്ട് എന്ന് കണക്കാക്കപ്പെടുന്ന  കരുവണശ്ശേരിയിലുണ്ടായിരുന്ന ഈ ക്ഷേത്രം ടിപ്പുവിന്‍റെ പടയോട്ടത്തിൽ നശിക്കുകയും സ്വത്തുക്കൾ കൊള്ളയടിക്കപ്പെടുകയും ചെയ്തു. അതിനുശേഷം അവിടെ യഥാവിധിയുള്ള പൂജാകർമ്മങ്ങൾ ഒന്നും നടന്നിരുന്നില്ല. പഴശിരാജാവിന്റെ സൈന്യാധിപനായ തലക്കര ചന്തുവിന്റെ പിൻതലമുറക്കാരായ കരുവണശ്ശേരി കുറിച്യതറവാടിന്റെ ഉടമസ്ഥതയിലാണ് ക്ഷേത്രാവശിഷ്ടം അടങ്ങിയ ഈ ഭൂമി നിലവിലുള്ളത്. ഭക്തജനങ്ങളും വേദശില ട്രസ്റ്റും ചേർന്നാണ് ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കുന്നത്.


വ്രതനിഷ്ഠയോടു കൂടി വിഗ്രഹത്തിൽ അഭിഷേകം ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കും. പരിസരവാസികളായ പത്തു പരുഷന്മാരെയും പത്തു സ്ത്രീകളെയും പുജാകർമ്മങ്ങൾ പഠിപ്പിക്കുകയും അവർക്ക് പൂജ ചെയ്യുവാനുള്ള അവസരം നൽകുകയും ചെയ്യും. ക്ഷേത്രത്തിലെ സായം സന്ധ്യാസമയത്തെ ദീപാരാധന നടത്തുന്നത് സ്ത്രീകൾ ആയിരിക്കും. 


എംഎല്‍എമാരായ അഡ്വ. ടി.സിദ്ദിഖ്, ഐ.സി.ബാല കൃഷ്ണൻ, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്റ്റിൻ ബേബി, മാനന്തവാടി മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമിനി ദീക്ഷിതാമൃത ചൈതന്യ, മീനങ്ങാടി നരനാരായണ അദ്വൈതാശ്രമം മഠാധി പതി സ്വാമി ഹംസാനന്ദ പുരി, വേദശില ട്രസ്റ്റ് ചെയർമാൻ സ്വാമി തപസ്യാനന്ദ സരസ്വതി തുടങ്ങിയവർ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കുമെന്ന് വേദശില ട്രസ്റ്റികളായ അഡ്വ.വിഷ്ണു മോഹനും സജിത്കുമാറും അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K