03 June, 2023 08:07:58 PM


കൈക്കൂലി വാങ്ങവേ സീനിയർ സിവിൽ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ



കൊല്ലം: കൈക്കൂലി വാങ്ങവേ സീനിയർ സിവിൽ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ. കൊല്ലം എഴുകോൺ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസറായ പ്രദീപിനെയാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നല്കുന്നതിലേക്ക് കൈക്കൂലി വാങ്ങവേ  വിജിലൻസ് കൈയ്യോടെ പിടികൂടിയത്.


എഴുകോൺ സ്വദേശിയായ പരാതിക്കാരനായ യുവാവ് കമ്പോഡിയയിൽ പോകുന്നതിലേക്ക് ഇക്കഴിഞ്ഞ 25 നു ഓൺലൈനായി പാസ്സ്പോർട്ട് ഓഫീസ് മുഖേന അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പാസ്സ്പോർട്ട് ഓഫീസിൽ നിന്നും പരാതിക്കാരൻ താമസിക്കുന്ന എഴുകോൺ പോലീസ് സ്റ്റേഷനിലേക്ക് പരിശോധനക്കായി അയച്ചു കൊടുക്കുകയും പരിശോധിച്ചു റിപ്പോർട്ട് നൽകുവാൻ സീനിയർ സിവിൽ പോലീസ് ഓഫീസറയ പ്രദീപിനെ ഇൻസ്പെക്ടർ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രദീപ് മൂന്ന് ദിവസങ്ങൾക്ക് മുൻപ് പരാതിക്കാരന്‍റെ വീട്ടിലെത്തി സർട്ടിഫിക്കറ്റ് വാങ്ങി പരിശോധിച്ച ശേഷം ഇന്നലെ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു.


അതുപ്രകാരം ഇന്നലെ സ്റ്റേഷനിലെത്തിയ പരാതിക്കാരനോട് "ചില ചടങ്ങുകളൊക്കെയുണ്ടെന്നും വേണ്ട രീതിയില്‍ കണ്ടാലേ സര്‍ട്ടിഫിക്കറ്റ് കിട്ടൂ" എന്നും അറിയിച്ചു. ഇന്ന് രാവിലെ ഫോണില്‍ വിളിച്ച് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ചെന്ന യുവാവിനോട് അത് തരാതെ നടക്കില്ല എന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. തുടര്‍ന്ന് യുവാവ് ഈ വിവരം വിജിലന്‍സ് തെക്കന്‍ മേഖലാ സൂപ്രണ്ട് ജയശങ്കറിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം കൊല്ലം യൂണിറ്റ് ഡിവൈഎസ്പി അബ്ദുള്‍ വഹാബിന്‍റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം എഴുകോണ്‍ സ്റ്റേഷനിലെത്തി.


സംഘത്തിന്‍റെ നിര്‍ദേശപ്രകാരം ഇന്ന് വൈകിട്ട് ആറ് മണിയോടെ സ്റ്റേഷനില്‍ എത്തിയ പരാതിക്കാരനിൽ നിന്നും 500 രൂപ കൈക്കൂലി വാങ്ങവേ പ്രദീപിനെ കൈയ്യോടെ പിടികൂടുകയാണ് ഉണ്ടായത്. വിജിലൻസ് സംഘത്തിൽ ഡി വൈ എസ് പി യെ കൂടാതെ ഇൻസ്പെക്ടർ മാരായ ജോഷി, ജസ്റ്റിൻ ജോൺ, അബ്ദുൽ റഹ്മാൻ, ബിജു, സബ് ഇൻസ്പെക്ടർ സുനിൽ കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയപാലൻ, ഷിബു സക്കറിയ, സുനിൽ കുമാർ, ഷാജി, അജീഷ് ,സിവിൽ പോലീസ് ഓഫീസർ മാരായ നവാസ്, ശരത് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K