26 May, 2023 02:39:22 PM


വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍



കൊല്ലം: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. കൊല്ലം കല്ലുവാതുക്കല്‍ നടക്കല്‍ സ്വദേശിനിയായ 26കാരിയാണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവെ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.

ഉടന്‍ വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്‍റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പാരിപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. പിന്നാലെ ആംബുലന്‍സ് പൈലറ്റ് നബീല്‍ എസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ലിജോമോള്‍ എന്നിവര്‍ സ്ഥലത്തെത്തി. ഉടന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ലിജോമോള്‍ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമശുസ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നബീല്‍ ഉടന്‍ അമ്മയെയും കുഞ്ഞിനേയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K