24 May, 2023 11:53:51 AM


കൊല്ലത്ത് കെട്ടിടത്തിന് തീപിടിച്ചു; കുടുങ്ങിപോയവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി



കൊല്ലം: ശാസ്താംകോട്ടയിൽ തീ പിടിച്ച കെട്ടിടത്തിൽ അകപ്പെട്ട കുട്ടികളെയും, സ്ത്രീകളെയും അതിസാഹസികമായി അഗ്നിശമനസേന രക്ഷപ്പെടുത്തി. ശാസ്താംകോട്ട. വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവ് ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന ഹാരിസിന്റെ ഉടമസ്ഥതയിലുള്ളഎച്ച് എസ് സ്റ്റോറും അതിനു മുകളിൽ പ്രവർത്തിച്ചിരുന്ന വാടക വീടുമാണ് തീ പിടിച്ചത്. ഇന്ന് വെളുപ്പിനെ ഒന്നരയ്ക്ക് ആണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തിൽ എച്ച് എസ് സ്റ്റോർ പൂർണ്ണമായും കത്തി. ഈ തീയും പുകയും ആളിക്കത്തി അതിനുമുകളിലുള്ള വാടക വീട്ടിലേക്ക് ആളിപ്പടരുകയായിരുന്നു. മുകളിൽ കുട്ടികൾ ഉൾപ്പെടെ നാല് പേർ പരിഭ്രാന്തരായ നിലവിളിച്ച് രക്ഷപ്പെടാൻ ആകാത്ത വിധം കുടുങ്ങിക്കിടക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്നും സ്റ്റേഷൻ ഓഫീസർ സാബു ലാലിന്‍റെ നേതൃത്വത്തിൽ അഗ്നിശമന സേന സ്ഥലത്തെത്തി.

സമീപത്തെ കെട്ടിടത്തിൽ കയറി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ജനൽ കമ്പി കട്ട് ചെയ്ത് അതിസാഹസികമായാണ് അഗ്നിരക്ഷാസേന തീപിടിച്ച കെട്ടിടത്തിനുള്ളിലെത്തിയത്. അകത്തെത്തിയ ഉടൻ കുട്ടികളായ ക്രിസ്റ്റി യാനോ(4), റയാനോ(7) എന്നിവരെയും അവരുടെ അമ്മ ശാന്തി(32), ശാന്തിയുടെ മാതാവായ കത്രീന (70) എന്നിവരെയും പ്രധാന വാതിൽ പൊളിച്ച് കെട്ടിടത്തിന് പുറത്തെത്തിച്ചു. തുടർന്ന് സജ്ജമാക്കിയ ആംബുലൻസിൽ ഇവരെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

രണ്ടര മണിക്കൂർ പരിശ്രമിച്ചാണ് തീ പൂർണ്ണമായും കെടുത്തിയത്. തീ നിയന്ത്രണമാക്കാൻ ചവറ, കരുനാഗപ്പള്ളി,കൊല്ലം എന്നീ അഗ്നിരക്ഷാ നിലയങ്ങളിൽനിന്നും അഞ്ചു യൂണിറ്റ് വാഹനങ്ങൾ എത്തിയിരുന്നു. അങ്കമാലി സ്വദേശിയായ ശാന്തി മൈനാഗപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ജൂനിയർഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു.

അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ള, ഗ്രേഡ് അസിസ്റ്റന്‍റ്  സ്റ്റേഷൻ ഓഫീസർ സജീവ് കുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മിഥിലേഷ് കുമാർ, രതീഷ്, മനോജ്, രാജേഷ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ ഹരിപ്രസാദ്, ഷാനവാസ്, ഹോം ഗാർഡ് ഷിജു ജോർജ്,ബിജു,പ്രദീപ്. ശിവപ്രസാദ്, പ്രദീപ്. ജി, ശ്രീകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K