30 April, 2023 07:57:31 PM


കൊട്ടിക്കയറി മേളം; പൂരാവേശം പകര്‍ന്ന് കുടമാറ്റം: കണ്ണുചിമ്മാതെ പതിനായിരങ്ങള്‍

- പി.എം.മുകുന്ദന്‍



തൃശൂർ: തേക്കിൻകാട് മൈതാനിയെ ജനസാ​ഗരമാക്കി പൂരാവേശം. വടക്കുംനാഥന് മുന്നിൽ തെക്കേനടയിൽ 30 ​ഗജവീരന്മാർ മുഖാമുഖം നിരന്നുനിന്നതോടെ കുടമാറ്റത്തിന് തുടക്കമായി. വിവിധ വർണ്ണങ്ങളിലും രൂപഭം​ഗിയിലുമുള്ള  കുടകൾ മത്സരിച്ചുയർത്തുന്ന കാഴ്ചകാണാൻ പതിനായിരക്കണക്കിന് ആളുകളാണ് കണ്ണുചിമ്മാതെ കാത്തുനിന്നത്. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം കഴിഞ്ഞായിരുന്നു ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് വർണ്ണക്കാഴ്ചകളൊരുക്കി കുടമാറ്റം നടത്തിയത്. ഏതാണ് മികച്ചതെന്ന് പറയാനാകാത്ത വിധം മനോഹരമായ വിവിധ വർണ്ണത്തിലുള്ള കുടകൾ കാഴ്ചയുടെ സൗകുമാര്യമൊരുക്കി  മാനത്തേക്ക് ഉയന്നു. നിറങ്ങളുടെ മത്സരത്തിന് മാറ്റുകൂട്ടാൻ സ്പെഷ്യൽ കുടകളും ഇരുവിഭാ​ഗവും ഒരുക്കിയിരുന്നു. ​

ഗുരുവായൂർ നന്ദനാണ് പാറമേക്കാവിന്‍റെ ​ഗജനിരയെ നയിച്ചത്. തിരുവമ്പാടിയുടെ തിടമ്പേറ്റിയത് തിരുവമ്പാടി ചന്ദ്രശേഖരനും. മേളം കൊട്ടിക്കയറിയതോടെ  പൂരലഹരിയിലമര്‍ന്ന് കണ്ണും കാതും തുറന്നുവച്ച് ഓരോ നിമിഷവും ഒപ്പിയെടുക്കുകയായിരുന്നു പൂരപ്രേമികൾ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കൂടി പൂരന​ഗരിയിലേക്ക് പ്രവേശിച്ചതോടെ പൂരത്തിന് ആവേശം കൂടി. മഠത്തിൽ വരവ് പഞ്ചവാദ്യം അവസാനിച്ച് പിന്നാലെ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണ് തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തിയത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K