06 August, 2016 07:55:54 PM


വിവിധ ക്ഷേത്രങ്ങളില്‍ നിറപുത്തരി ചടങ്ങുകള്‍ തിങ്കളാഴ്ച



പത്തനംതിട്ട: ഈ വര്‍ഷത്തെ നിറപുത്തരി ചടങ്ങുകള്‍ വിവിധ ക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച നടക്കും. ശബരിമല നിറപുത്തരി ചടങ്ങിനുള്ള നെല്‍ക്കതിര്‍ അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി സന്നിധാനത്ത് എത്തിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പത്തനംതിട്ടയില്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 5.45നും 6.15നുമിടയിലാണ് നിറപുത്തരിച്ചടങ്ങ്. ഇതാദ്യമായാണ് ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം വക പാടത്തു നിന്ന് നെല്‍ക്കതിരുകള്‍ നിറപുത്തരിക്കായി സന്നിധാനത്ത് എത്തിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് അച്ചന്‍കോവിലില്‍ നിന്ന് നെല്‍ക്കതിരുമായി അലങ്കരിച്ച വാഹനം പഞ്ചവാദ്യത്തിന്റെയും വാഹനങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി പുറപ്പെടും.

കോട്ടവാസല്‍ ക്ഷേത്രം, ആര്യങ്കാവ് , പുനലൂര്‍ പുതിയിടം, നെല്ലിപ്പള്ളി, പുന്നല, കണ്ണങ്കര, പത്തനാപുരം കവല, കലഞ്ഞൂര്‍, പത്തനംതിട്ട ശാസ്താ ക്ഷേത്രം, ഊരമ്മന്‍, വടശേരിക്കര പ്രയാര്‍, മാടമണ്‍ ക്ഷേത്രം, റാന്നി പെരിനാട് , നിലയ്ക്കല്‍ എന്നീ ക്ഷേത്രങ്ങളില്‍ നിറപുത്തരി ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കും. ഉച്ചയ്ക്ക് മൂന്നിന് പമ്പയില്‍ എത്തിച്ചേരും. സ്വാമിമാര്‍ തലച്ചുമടായി കതിര്‍ സന്നിധാനത്തേയ്ക്ക് കൊണ്ടു പോകും. ഞായറാഴ്ച വൈകിട്ട് 5ന് നിറപുത്തരി ചടങ്ങുകള്‍ക്കായി  നട തുറക്കും. ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ്, ചീഫ് എഞ്ചിനിയര്‍ മുരളീകൃഷ്ണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

ഏറ്റുമാനൂര്‍ : മഹാ ദേവക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.45നും 6.25നും മധ്യേ നടക്കും. പാലക്കാട്ടുനിന്നുമാണ് നിവേദ്യത്തിനുള്ള നെല്‍ക്കതിരുകരള്‍ എത്തിക്കുന്നത്. ഒപ്പം ഭക്തര്‍ എത്തിക്കുന്ന ഇല്ലി, നെല്ലി, ദശപുഷ്പം, മാവ്, ആല് ഇലകളും നിറപുത്തരിയ്കാകയി ഉപയോഗിക്കും.

നിറപുത്തരി പ്രമാണിച്ച് രാവിലെ 9ന് നട അടയ്ക്കും. മേല്‍ശാന്തി ശിവന്‍ വിഷ്ണുപ്രസാദ് മുഖ്യകാര്‍മ്മികത്വം വഹിക്കും. ചൂരക്കുളങ്ങുര ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ നടക്കുന്ന നിറപുത്തരി ചടങ്ങുകള്‍ക്ക് മേല്‍ശാന്തി പി.ത്രിവിക്രമന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. 7ന് നട അടയ്ക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K