21 March, 2023 05:14:20 PM
പൗര്‍ണമിക്കാവില്‍ പ്രപഞ്ചയാഗം മാര്‍ച്ച് 31 മുതല്‍; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
തിരുവനന്തപുരം: വെങ്ങാനൂര്‍ ചാവടിനട പൗര്‍ണമിക്കാവ് ദേവിക്ഷേത്രത്തില്‍ 7 ദിവസം നീളുന്ന പ്രപഞ്ചയാഗത്തിന് മാര്‍ച്ച് 31ന് തുടക്കം കുറിക്കും. ഹിമാലയ തപസ്വിയും അഘോരസന്യാസിയുമായ കൈലാസപുരി സ്വാമിജിയുടെ നേതൃത്വത്തില്‍ 251 ആചാര്യന്‍മാര്‍ കാര്‍മികത്വം വഹിക്കുന്ന യാഗം ഏപ്രില്‍ 6ന് അവസാനിക്കും.
രാജ്യത്തെ 108 ക്ഷേത്രങ്ങളിലെ മണ്ണും അവിടങ്ങളിലെ തീര്‍ത്ഥവും യാഗവേദിയില്‍ പൂജിക്കും. 12008 ഇഷ്ടികകള്‍ ഉപയോഗിച്ചാണ് പ്രപഞ്ചയാഗത്തിലെ യാഗകുണ്ഡങ്ങള്‍ തയ്യാറാക്കുക. നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രം, മഹാകാല ഭൈരവ ക്ഷേത്രം, ബദരീനാഥ്, ഹരിദ്വാര്‍, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, സൂര്യകാലടിമന അടക്കമുളള 108 പ്രമുഖ ക്ഷേത്രങ്ങളിലെ മുഖ്യപുരോഹിതന്മാരും തന്ത്രിമാരും ഹിമാലയത്തില്‍ നിന്നെത്തുന്ന 7 ശിവയോഗി സിദ്ധന്‍മാരും പ്രമുഖ മഠങ്ങളിലെ സന്ന്യാസിമാരുമടക്കം 262 വേദശാസ്ത്രികള്‍ പണ്ഡിതര്‍ പ്രപഞ്ചയാഗത്തിന് കാര്‍മികരാകും.
1008 അമൂല്യ ഔഷധങ്ങള്‍, 7 വീതമുളള സുഗന്ധദ്രവ്യങ്ങള്‍, പട്ടുവസ്ത്രങ്ങള്‍, സ്വര്‍ണം, വെളളി ഇവയും ടണ്‍കണക്കിന് തേനും നെയ്യും ഉപയോഗിച്ചാണ് യാഗത്തില്‍ 108 അതിവിശിഷ്ട പൂജകളും ഹോമങ്ങളും നടത്തുക. ഏഴ് ദിവസം നടക്കുന്ന യാഗത്തില്‍ 64 വേദ പണ്ഡിതരുടെ വേദപാരായണവും 1008 പേര്‍ ലളിതാസഹസ്ര നാമപാരായണവും നടത്തും.
യാഗദിവസങ്ങളില്‍ മുഖ്യയാഗാചാര്യന്‍ കൈലാസപുരിയെ ഭക്തര്‍ക്ക് കാണുന്നതിന് പ്രത്യേക സൌകര്യമൊരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രട്രസ്റ്റ് മുഖ്യകാര്യദര്‍ശി എം.എസ്. ഭുവനചന്ദ്രന്‍, പ്രസിഡന്‍റ് അനന്തപുരി മണികണ്ഠന്‍, സെക്രട്ടറി വെളളാര്‍ സന്തോഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എ. ജയന്തകുമാര്‍, വളളംകോട് ചന്ദ്രമോഹന്‍, അഭിലാഷ് ചാവടിനട എന്നിവരും പങ്കെടുത്തു.