07 March, 2023 11:28:31 AM
പതിവു തെറ്റിക്കാതെ ചിപ്പിയും ആനിയും; പൊങ്കാലയ്ക്ക് നിറസാന്നിധ്യമായി താരങ്ങൾ
തിരുവനന്തപുരം: കോവിഡിനെ തുടർന്ന് രണ്ട് വർഷത്തിന് ശേഷം വിപുലമായി സംഘടിപ്പിക്കപ്പെട്ട ആറ്റുകാൽ പൊങ്കാല അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി. ചുട്ടുപൊള്ളുന്ന വെയില്‍ വകവെക്കാതെ അഭൂതപൂര്‍വമായ ഭക്തജനതിരക്കാണ് നഗരത്തിലെവിടെയും. പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് തലസ്ഥാന നഗരിയിലേക്ക് ഇതിനോടകം തന്നെ എത്തിയത്.
എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. അവരിൽ ശ്രദ്ധേയരാണ് ചിപ്പിയും ആനിയും. ഇവരെ കൂടാതെ നടി സ്വാസിക, നമിതാ പ്രമോദ്, ജലജ, അമജത നായര്‍ തുടങ്ങി സിനിമാ-സീരിയല്‍ രെഗത്തെ ഒട്ടേറെ താരങ്ങൾ തലസ്ഥാന നഗരിയിൽ പൊങ്കാലയിടാൻ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി പൊങ്കാല ഉത്സവത്തിലെ നിറ സാന്നിധ്യമാണ് നടി ചിപ്പി.
'ഞാൻ ജനിച്ചുവളർന്നത് തിരുവനന്തപുരത്താണ്. അതുകൊണ്ടാകും ആറ്റുകാൽ അമ്മയോട് ഇത്രയും സ്നേഹം. തിരുവന്തപുരത്തുകാർക്ക് എല്ലാവർക്കും ഈ സ്നേഹമുണ്ട്. ഇവിടുത്തുകാർക്ക് ഇതൊരു ആഘോഷമാണ്, ഉത്സവമാണ്. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാൻ വെളുപ്പിന് ഇവിടെ വരുന്നത്' ചിപ്പി പ്രതികരിച്ചു. കോവിഡ് സമയത്തെപോലെ നടി ആനി ഇക്കുറിയും വീട്ടുമുറ്റത്താണ് പൊങ്കാലയിടുന്നത്. ഭര്‍ത്താവ് ഷാജി കൈലാസും സഹായത്തിനായി ഒപ്പമുണ്ട്.
ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാൻ നടി സ്വാസിക സകുടുംബമാണ് എത്തിച്ചേർന്നത്. ആദ്യമായാണ് ആറ്റുകാലിൽ പൊങ്കാലയിടാൻ എത്തുന്നത്. സാധാരണ വെയിലത്ത് ഇറങ്ങുമ്പോൾ പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാറുണ്ട്. പക്ഷേ ഇവിടെ അതൊന്നും കുഴപ്പമാകുന്നില്ലെന്ന് താരം പ്രതികരിച്ചു. നടി ജലജ ചിപ്പിയോടൊപ്പമാണ് പൊങ്കാലയിടുന്നത്. ഒപ്പം മകളും എത്തിയിട്ടുണ്ട്.
ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം. കനത്തചൂടും തിരക്കും ആശങ്കയ്ക്കിടയാക്കുന്നുണ്ടെങ്കിലും പൊലീസ്, അഗ്നിരക്ഷാസേന, കോർപറേഷൻ, ആരോഗ്യവകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നഗരങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.