02 August, 2016 12:01:01 AM


പിതൃപുണ്യം തേടി കര്‍ക്കിടക വാവ് ബലി ആഗസ്ത് 2ന്



കോട്ടയം: കര്‍ക്കടക മാസത്തിലെ പ്രധാന കാര്‍ക്കടക വാവ് ദിനമായ ചൊവ്വാഴ്ച പിതൃപുണ്യത്തിനായി ലക്ഷോപലക്ഷം മലയാളികള്‍ പ്രമുഖ തീര്‍ഥാടക കേന്ദ്രങ്ങളില്‍ ബലിയര്‍പ്പിക്കുന്നു. ക്ഷേത്രങ്ങളിലും വിവിധ ബലിത്തറകളിലും രാവിലെ മൂന്ന് മണിമുതല്‍ തന്നെ ചടങ്ങുകള്‍  ആരംഭിക്കും.

തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുമുഖം വര്‍ക്കല പാപനാശം, ശിവഗിരി, ആവാടുതുറ, അരുവിപ്പുറം, അരുവിക്കര, ആലുവ ശിവരാത്രി മണപ്പുറം,വയനാട് തിരുനെല്ലി ക്ഷേത്രം, തിരുനാവായ, കോട്ടയം വേദഗിരി തുടങ്ങിയ സ്ഥലങ്ങളാണ് കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍.

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വര്‍ക്കല, ശംഖുമുഖം എന്നിവിടങ്ങളിലെല്ലാം തിങ്കളാഴ്ച അര്‍ധരാത്രിയോടെതന്നെ വിശ്വാസികള്‍ എത്തിയിരുന്നു.  കനത്ത തിരക്കാണ് ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്. എന്നാല്‍ വിശ്വാസികള്‍ക്കായി നഗര സഭയും സന്നദ്ധ സംഘടനകളും സേവാ പ്രവര്‍ത്തനങ്ങളും സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടൂണ്ട്.

ഒരു ദിവസം പൂര്‍ണമായി ബലിതര്‍പ്പണത്തിന് സൗകര്യമുണ്ട്, എങ്കിലും ഏറെപ്പേരും പുലര്‍ച്ചെയാണ് വിവിധ സ്ഥലങ്ങളില്‍ ബലിയിടുന്നത്. കര്‍ക്കടക മാസത്തില്‍ ബലിതര്‍പ്പണം ചെയ്താല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുമെന്നും അതുവഴി അവരുടെ അനുഗ്രഹം ലഭിക്കും എന്നതാണ് ഈ ചടങ്ങുകള്‍ക്ക് പിന്നിലുള്ള വിശ്വാസം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K