27 February, 2023 05:46:41 PM
ആനകള്‍ ഇല്ല; ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഉത്സവം അലങ്കോലമാകുന്നുവെന്ന് ആരോപണം
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവനടത്തിപ്പില്‍ അധികൃതര്‍ വന്‍വീഴ്ച വരുത്തുന്നതായി പരാതി. ഏഴാം ഉത്സവദിവസമായ ഇന്ന് ഏഴ് ആനകളാണ് എഴുന്നള്ളിപ്പിന് ഉണ്ടാകേണ്ടത്. എന്നാല്‍ രാവിലെ ശ്രീബലി എഴുന്നള്ളിപ്പിന് നാല് ആനകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഏഴ് മണിക്ക് ആരംഭിക്കേണ്ട എഴുന്നള്ളിപ്പ് ആരംഭിച്ചതാകട്ടെ ഒന്നര മണിക്കൂര്‍ വൈകി. എഴുന്നള്ളിപ്പ് തുടങ്ങി അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഒരാനയെ കൂടി എത്തിച്ചുവെങ്കിലും ഏഴാനകളെ തികക്കാന്‍ അധികൃതര്‍ക്കായില്ല.
അഞ്ചാം ഉത്സവത്തിന് അഞ്ച് ആനകള്‍ വേണ്ടിടത്ത് 3 ആനയെ ഉണ്ടായിരുന്നുള്ളു. ഇത് അന്വേഷിക്കാൻ ചെന്ന ഭക്തരോട് അഡ്മിസ്ട്രേറ്റീവ് ഓഫീസര്‍ ദാർഷ്ട്യത്തോടെയാണ് പെരുമാറിയതെന്ന് ചില ഭക്തര്‍ പരാതിപ്പെടുന്നു. ഉത്സവം അലങ്കോലപ്പെടുത്താനാണോ ശ്രമമെന്ന് ചോദിച്ച അഡ്മിസ്ട്രേറ്റീവ് ഓഫീസര്‍ നിങ്ങൾക്കെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞതായി മുന്‍ ഉപദേശകസമിതി അംഗവും വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറിയുമായ രഘു ബാലരാമപുരം ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം വിവരം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനേയും അറിയിച്ചതായി അവര്‍ പറഞ്ഞുവത്രേ. പ്രതികരിക്കുന്ന ഭക്തരെ നിയമനടപടിയുടെ പേര് പറഞ്ഞു ഭീഷണിപ്പെടുത്തുന്നത് ആണോ ദേവസ്വം നയമെന്നാണ് ഭക്തരുടെ ചോദ്യം.