15 January, 2023 07:02:24 PM


തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ നട നാളെ അടയ്ക്കും



കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ നട നാളെ അടയ്ക്കും. രാത്രി എട്ടിനാണ് നട അടയ്ക്കുന്നത്. മഹാദേവന്‍റെ അത്താഴപൂജയ്ക്കു മുന്‍പ് ഏഴു മണിയോടെ പാട്ടുപുരയില്‍ നിന്നു ദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ദര്‍ശനം പൂര്‍ത്തിയാക്കി ഭക്തരെ നാലമ്പലത്തില്‍ നിന്ന് ഒഴിപ്പിക്കും. ഏഴരയോടെ നട അടയ്ക്കുന്നതിനുള്ള പരമ്പരാഗത ആചാരങ്ങള്‍ ആരംഭിക്കും. 


ക്ഷേത്ര ഊരാഴ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ചുമതലപ്പെടുത്തിയിട്ടുള്ള സമുദായം തിരുമേനിയും ശ്രീപാര്‍വ്വതിദേവിയുടെ പ്രിയതോഴി 'പുഷ്പിണി'യായി സങ്കല്‍പ്പിക്കപ്പെടുന്ന ബ്രാഹ്മണി അമ്മയും നടയ്ക്കല്‍ സന്നിഹിതരാകും. 'എല്ലാവരും തൃക്കണ്‍ പാര്‍ത്തു കഴിഞ്ഞുവോ' എന്ന് ബ്രാഹ്മണി അമ്മ മൂന്നു വട്ടം വിളിച്ചു ചോദിക്കും. 'ഊവ്വ്' എന്നു സമുദായം തിരുമേനി പറയും. പിന്നാലെ 'നട അടപ്പിയ്ക്കട്ടേ' എന്നു ബ്രാഹ്മണി അമ്മ വിളിച്ചു ചോദിക്കും. 'അടപ്പിച്ചാലും' എന്നു സമുദായം തിരുമേനി മറുപടി നല്‍കിയ ഉടന്‍ ബ്രാഹ്മണി അമ്മ 'നട അടച്ചാലും' എന്ന് വിളിച്ചറിയിക്കുന്നതോടെ മേല്‍ശാന്തി നട അടയ്ക്കും.



നടയടയ്ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഇനിയും ദര്‍ശനം നടത്താനും അര്‍ച്ചനകള്‍ അര്‍പ്പിക്കാനും കഴിയാത്ത ഭക്തരുടെ തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ന് വരെ നാലു ലക്ഷത്തോളം പേര്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. തിരക്കും നീണ്ടകാത്തിരിപ്പുമില്ലാതെ സുഗമമായി ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഭക്തരില്‍ നല്ലൊരു പങ്കും വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്താണ് എത്തുന്നത്. കെ.എസ്.ആര്‍.ടി.സി.യുടെ വിവിധ ഡിപ്പോകളില്‍ നിന്ന് തീര്‍ത്ഥാടന ടൂറിസം പാക്കേജില്‍ ഉള്‍പ്പെടുത്തി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് ഭക്തരെ എത്തിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിക്കു പുറമേ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ഒരുമിച്ച് ബുക്ക് ചെയ്ത് ഭക്തരെ കൊണ്ടുവരാന്‍ സൗകര്യമുണ്ട്.



ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ ഓണ്‍ലൈന്‍ വാഹന പാര്‍ക്കിംഗ് ബുക്കിംഗും ഈ വര്‍ഷം ഭക്തര്‍ വ്യാപകമായി ഉപപയോഗിക്കുന്നുണ്ട്. കൊച്ചി മെട്രോയുടെ പാര്‍ക്കിംഗ് ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന സ്റ്റാര്‍ട്ടപ് സംരംഭമായ അനന്തത്തിന്റെ 'എല്ലാം' ഓണ്‍ലൈന്‍ സര്‍വ്വീസ് ഗ്രൂപ്പിനാണ് ഇതിന്റെ ചുമതല. ക്യൂ ഗ്രൗണ്ടുകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് മുന്‍വര്‍ഷങ്ങളില്‍ കഴയും മുളയും ഉപയോഗിച്ചു നിര്‍മ്മിച്ചിരുന്ന താല്‍ക്കാലിക ഫ്‌ളൈ ഓര്‍വറുകള്‍ക്കു പകരം കൂടുതല്‍ പേര്‍ക്കു കയറാവുന്ന, ഉറപ്പേറിയ ഇരുമ്പ് നടപ്പാലം ഒരുക്കിയത് പുതുമയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K