14 January, 2023 09:17:00 PM


തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതിദേവിയുടെ നട തിങ്കളാഴ്ച അടയ്ക്കും



കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതിദേവിയുടെ നട തിങ്കളാഴ്ച അടയ്ക്കും. നടതുറപ്പ് ഉത്സവത്തിന്റെ അവസാന ദിവസങ്ങളില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവൈരാണിക്കുളം ഗ്രാമം കവിയുംവിധം ഭക്തജനങ്ങളെത്തിയിട്ടും ഏറെനേരം കാത്തുനില്‍ക്കാതെ തന്നെ ഭക്തര്‍ക്കെല്ലാം സുഗമമായി ദര്‍ശനം നടത്താനായി. തിരക്ക് നിയന്ത്രിക്കുന്നതിന് ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളുടെ ഫലമായി മണിക്കൂറുകളുടെ നീണ്ടനിരയുണ്ടായില്ല.

വലിയ ജനപ്രവാഹമുണ്ടായ അവധി ദിനങ്ങളില്‍ പോലും നാല് ക്യൂ പന്തലുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമായി ഇത് ഒതുക്കി നിര്‍ത്താനായി. പൊലീസും സെക്യൂരിറ്റി ഗാര്‍ഡുകളും ക്ഷേത്ര വളണ്ടിയര്‍മാരും ഭക്തരുടെ ഗതിവിഗതികള്‍ കൃത്യമായി നിരീക്ഷിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതുകൊണ്ടാണ് തിരക്ക് നിയന്ത്രിക്കുന്നത്. ശ്രീമൂലം പാലം കടന്ന് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ക്ഷേത്ര പരിധിയില്‍ പ്രവേശിക്കുന്നതു മുതല്‍ ഓരോ നീക്കവും സി.സി.ടി.വി. കാമറകളുടെ സഹായത്തോടെ ക്ഷേത്ര ട്രസ്റ്റിന്റെ കണ്‍ട്രോള്‍ റൂം നിരീക്ഷിച്ച് പ്രശ്‌നങ്ങള്‍ തത്സമയം കണ്ടെത്തി പരിഹരിക്കുകയാണ്.

ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള മുന്നൂറോളം സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും 100 വനിതാ സി.പി.ഒമാരടക്കം 270 പൊലീസ് സേനാംഗങ്ങളും ഈ സംവിധാനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. വിവരങ്ങള്‍ തത്സമയം കൈമാറി തടസങ്ങളില്ലാതെ ഭക്തര്‍ക്കു ദര്‍ശനം നടത്തി മടങ്ങാന്‍ കഴിയുന്ന രീതിയിലുള്ള ഏകോപനമാണ് ക്ഷേത്ര ട്രസ്റ്റ് നടത്തുന്നത്. ഭക്തര്‍ക്കു വേണ്ട സേവനങ്ങള്‍ നല്‍കാന്‍ ക്ഷേത്ര ട്രസ്റ്റിന്റെ 450 വാളണ്ടിയര്‍മാരും സേവനത്തിനുണ്ട്. ക്യൂ ഗ്രൗണ്ടുകളില്‍ കൃത്യമായി ബാരിക്കേഡുകള്‍ തിരിച്ച് ഗതി നിയന്ത്രിക്കുകയാണ്. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ക്ഷേത്ര വളണ്ടിയേഴ്‌സ് കുടിവെള്ളവും ലഘുഭക്ഷണവും ആശ്വാസമാണ്. ക്യൂ ഗ്രൗണ്ടുകളിലാണ് വഴിപാടുകള്‍ക്കുള്ള കൗണ്ടറുകള്‍.

ഭക്തരില്‍ നല്ലൊരു പങ്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശന സമയം മുന്‍കൂട്ടി ബുക്ക് ചെയ്തുവരുന്നതിനാല്‍ മുന്‍കാലങ്ങളിലെ പോലെയുള്ള തിക്കും തിരക്കും ഒഴിവായി. ഇന്നലെയും ഇന്നുമുള്‍പ്പെടെ നടതുറപ്പ് ഉത്സവത്തിന്റെ കഴിഞ്ഞ എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ ടൈം സ്ലോട്ടുകള്‍ ഏറെക്കുറെ പൂര്‍ണ്ണമായും ബുക്ക് ആയിരുന്നു. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തു വരുന്നവര്‍ക്ക് ക്ഷേത്ര ട്രസ്റ്റിന്റെ ഗ്രൗണ്ടുകളില്‍ പാര്‍ക്കിംഗും മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സംവിധാനം ഒരുക്കിയിരുന്നതിനാല്‍ വലിയ വാഹനങ്ങള്‍ എത്തുന്ന മുറയ്ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നുണ്ട്. പുലര്‍ച്ചെ മുതല്‍ രാത്രി വരെയുള്ള കെ.എസ്.ആര്‍.ടി.സി. സ്‌പെഷല്‍ സര്‍വ്വീസുകള്‍ക്കു പുറമേ തീര്‍ത്ഥാടന പാക്കേജില്‍ ഉള്‍പ്പെടുത്തി നടത്തിയ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് വന്‍ സ്വീകാര്യതയാണ്. ഇതുവഴി കെ.എസ്.ആര്‍.ടി.സിക്ക് മികച്ച വരുമാനവും ഭക്തര്‍ക്ക് കുറഞ്ഞ ചിലവില്‍ തീര്‍ത്ഥാടനവും സാധ്യമായി. വെര്‍ച്വല്‍ ക്യൂ വഴി കെ.എസ്.ആര്‍.ടി.സിയുടെയും സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ക്കും തീര്‍ത്ഥാടകരെ ഒരുമിച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

ക്ഷേത്രത്തില്‍ എത്തിയ ഭക്തരെല്ലാം ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്നദാനം കഴിച്ചശേഷമാണ് മടങ്ങുന്നത്. ഉത്സവത്തോടനുബന്ധിച്ച് ജനതിരക്കും നിരവധി താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങളും ഭക്ഷ്യശാലകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും തീര്‍ത്തും മാലിന്യമുക്തമാണ് ക്ഷേത്രവും പരിസരവും. ഗ്രീന്‍പ്രോട്ടോക്കോള്‍ ബാധകമാക്കിയിട്ടുള്ള ആഘോഷത്തിന് പ്ലാസ്റ്റിക് കിറ്റുകള്‍ തീര്‍ത്തും ഒഴിവാക്കിയിട്ടുണ്ട്. ദിനംപ്രതിയുണ്ടാകുന്ന ഖരമാലിന്യങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള ഹരിതസേന ശേഖരിച്ച് മാറ്റുന്നുണ്ട്. ദേവീദര്‍ശനത്തിനുള്ള ഈ നടതുറപ്പ് ഉത്സവകാലത്തെ അവസാന ദിനങ്ങളിൽ ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായി ദര്‍ശനം നടത്തുന്നതിനുള്ള തയാറെടുപ്പുകള്‍ ക്ഷേത്ര ട്രസ്റ്റ് നടത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K