13 January, 2023 06:51:14 PM
തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം സമാപിക്കാന്‍ മൂന്ന് നാള്‍ കൂടി
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടതുറപ്പ് ഉത്സവം സമാപിക്കുന്നതിനു മൂന്നു ദിനങ്ങള്‍ മാത്രം അവശേഷിക്കേ ശ്രീപാര്‍വ്വതീദേവിയെ ദര്‍ശിക്കാനും വര്‍ഷം മുഴുവന്‍ ചേര്‍ത്തുവച്ച പ്രാര്‍ത്ഥനകളും അര്‍ച്ചനകളും അര്‍പ്പിക്കുവാനും ഭക്തര്‍ ഒഴുകി എത്തുകയാണ്. മംഗല്യപട്ടുചുറ്റി, പിന്നിയിട്ട വാര്‍മുടിയില്‍ ദശപുഷ്പംചൂടി, സര്‍വ്വാഭരണ വിഭൂഷിതയായി ദീപാലങ്കാരങ്ങളുടെ പ്രഭാവലയത്തില്‍ വിളങ്ങി നില്‍ക്കുന്ന ദേവീരൂപം ഭക്തര്‍ക്ക് മനംകുളിര്‍ക്കുന്ന കാഴ്ചയാണ്.
ദാരുശില്‍പത്തില്‍ അഭയവരദയായ ശ്രീപാര്‍വ്വതിദേവി. അതില്‍ തങ്ക ഗോളകയിലുള്ള തിരുമുഖം പതിച്ചിരിക്കുന്നു. നടതുറപ്പിന്റെ പന്ത്രണ്ട് ദിനങ്ങളില്‍ വ്യത്യസ്ത നിറങ്ങളോടുകൂടിയ വെവ്വേറെ പട്ടുടയാടയാണ് ദേവിക്കു ചാര്‍ത്തുന്നത്. ഒരു ഉടയാട ഒരിക്കല്‍ മാത്രമേ അണിയിക്കൂ. ആഭരണങ്ങളായി പൗരാണിക മാതൃകയിലുള്ള വലിയ വട്ടത്താലി, ഏഴിഴതാലിക്കൂട്ടം, കാശാലി, നാഗപടത്താലി, കിങ്ങിണി മാല, പാലയ്ക്കമാല എന്നിവക്കു പുറമേ കല്ലുപതിച്ച പുലിനഖ നെക്ലേസ്, ഗജലക്ഷ്മി, വിവിധ തരം കല്ലുകള്‍ പതിച്ച നെക്‌ലേസുകള്‍ തുടങ്ങിയവയാണ് അണിയിച്ചിട്ടുള്ളത്.
മംഗല്യവരദായിനി സങ്കല്‍പ്പത്തോടുകൂടിയ ദേവിയുടെ തിരുവാഭരണങ്ങളില്‍ ഏറിയ പങ്കും താലിയാണ്. പ്രധാന വഴിപാടായി സമര്‍പ്പിക്കുന്നതും താലിയാണ്. വിശേഷ വഴിപാടായി കൂട്ടത്താലിയും സമര്‍പ്പിക്കുന്നുണ്ട്. താലിക്ക് 300 രൂപയും കൂട്ടത്താലിക്ക് 5000 രൂപയുമാണ് നിരക്ക്. വിവാഹ സംബന്ധമായ തടസങ്ങള്‍ നീങ്ങുന്നതിനും ദീര്‍ഘമംഗല്യത്തിനുമാണ് ഈ വഴിപാടുകാള്‍. ഉത്സവനാളുകളില്‍ ദേവിയെ അണിയിക്കുന്ന ഉടയാടയും ഭക്തര്‍ വഴിപാടായി അര്‍പ്പിക്കുന്നതാണ്.
ഒരു ദിവസത്തെ ഉടയാടയ്ക്ക് 5000 രൂപയാണ്. 2040 വരെയുള്ള നടതുറപ്പ് ദിവസങ്ങളിലേക്കുള്ള ഉടയാടകള്‍ ഇപ്പോഴേ ബുക്ക് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഭക്തര്‍ ദേവിക്കു പട്ടും പുടവയും സമര്‍പ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ദേവിക്കു ചാര്‍ത്തുന്ന വസ്ത്രങ്ങളെല്ലാം ഉത്സവ നാളുകളില്‍ തന്നെ മിതമായ നിരക്കില്‍ തീര്‍ത്ഥാടകര്‍ക്കു ലഭ്യമാണ്. അവധിദിനങ്ങളും നടതുറപ്പിന്റെ അവസാന ദിനങ്ങളുമായ ഇന്നും നാളെയും വന്‍ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ചലച്ചിത്രതാരങ്ങളായ ജയന്‍രവി, ജയറാം, ദിലീപ്, സുരേഷ് ഗോപി, വിഘ്‌നേഷ് ശിവന്‍, ദേവന്‍ എന്നിവര്‍ ഇന്ന് ദര്‍ശനം നടത്തി.