12 January, 2023 09:19:25 PM


തിരുവൈരാണിക്കുളം ക്ഷേത്രത്തിന്‍റെ ആകര്‍ഷണമായി ബ്രാഹ്മണി അമ്മയും ബ്രാഹ്മണിപ്പാട്ടും



കാലടി: തിരുവൈരാണിക്കുളം ക്ഷേത്രത്തിന്‍റെ മാത്രം പ്രത്യേകതയും ആകര്‍ഷണവുമാണ് ബ്രാഹ്മണി അമ്മയും ബ്രാഹ്മണിപ്പാട്ടും. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവത്തില്‍ എത്തുന്ന ഭക്തര്‍ക്ക് വിശേഷപ്പെട്ട വഴിപാടാണ് ബ്രാഹ്മണിപ്പാട്ട്. നാലമ്പലത്തിന് അകത്തെ പാട്ടുപുരയിലിരുന്നു ബ്രാഹ്മണിയമ്മ പാടുന്ന ദേവീസ്തുതിഗീതങ്ങളില്‍ ഭക്തരുടെ മനസിലെ ദുഃഖങ്ങള്‍ ഒഴിയാറുണ്ട്. ശ്രീപാര്‍വ്വതീദേവിയെ ദര്‍ശിക്കാന്‍ എത്തുന്ന ഭക്തരില്‍ ഏറെയും ബ്രാഹ്മണി അമ്മയെ കണ്ട് സങ്കടങ്ങള്‍ ഉണര്‍ത്തിച്ച് ബ്രാഹ്മണി പാട്ടിലൂടെ പരിഹാരം തേടാറുണ്ട്.

ശിവപാര്‍വ്വതീ പരിണയ കഥകള്‍ ഇതിവൃത്തമായുള്ള ബ്രാഹ്മണിപാട്ട് ദേവിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നാണ് കരുതുന്നത്.  ബ്രാഹ്മണിപാട്ടിലൂടെ ദേവി സന്തുഷ്ടയാകുമെന്നും അതുവഴി സങ്കടങ്ങള്‍ ഒഴിഞ്ഞ് സര്‍വ്വൈശ്വര്യങ്ങളും കൈവരുമെന്നുമാണ് ഭക്തരുടെ വിശ്വാസം. ശിവപാര്‍വ്വതീ പരിണയകാലത്തെ കൗമാര ദശയിലുള്ള ദേവിയാണ് തിരുവൈരാണിക്കുളത്തെ പ്രതിഷ്ഠാസങ്കല്‍പ്പം. ദുരിതദോഷങ്ങള്‍ ഒഴിയുന്നതിനും കുടുംബഐശ്വര്യത്തിനുമുള്ള വഴിപാടായാണ് ഭക്തര്‍ ബ്രാഹ്മണി പാട്ട് പാടിക്കുന്നത്.

ശ്രീപാര്‍വ്വതീദേവിയുടെ ഇഷ്ടതോഴിയായ 'പുഷ്പിണി' എന്ന സങ്കല്‍പ്പവുമായി ബന്ധപ്പെട്ടാണ് ഈ സമ്പ്രദായം നിലനില്‍ക്കുന്നത്. പുഷ്പിണിയുടെ പ്രതിരൂപമായാണ് ബ്രാഹ്മണി അമ്മയെ കരുതുന്നത്. ഇവര്‍ക്ക് ക്ഷേത്രത്തിന്റെ ആചാരവിശ്വാസങ്ങളില്‍ സുപ്രധാന സ്ഥാനമാണുള്ളത്. നടതുറക്കുന്നതിനും അടയ്ക്കുന്നതും ബ്രഹ്മണി അമ്മയുടെ മേല്‍നോട്ടത്തിലാണ്. നടതുറപ്പിനു ശേഷം രാത്രി ദേവിയെ പാട്ടുപുരയിലേക്ക് ആനയിക്കുന്ന ചടങ്ങിലും ബ്രാഹ്മണി അമ്മയാണ് അകമ്പടി സേവിക്കുന്നത്.

ശ്രീകോവിലിലെ വിളിക്കില്‍ നിന്നു പകര്‍ത്തിയ ദീപം പ്രതീകാത്മകമായി പാട്ടുപുരയിലേക്ക് എഴുന്നള്ളുമ്പോള്‍ തളികയില്‍ കൊട്ടി ബ്രഹ്മണിയമ്മ അകമ്പടി സേവിക്കും. രാത്രി മുഴുവന്‍ ദേവിക്കു സ്തുതിഗീതങ്ങളുമായി ഉറക്കമൊഴിച്ചു കൂട്ടിരിക്കുന്ന ഇവര്‍ ദിവസവും നടതുറക്കുന്നതിനു മുന്‍പ് ദേവിയെ തിരികെ എഴുന്നള്ളിക്കുമ്പോഴും അകമ്പടിയാകും. അല്ലിമംഗലത്ത് തറവാട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് ക്ഷേത്രത്തിലെ ബ്രഹ്മണിഅമ്മയാകാനുള്ള അവകാശം. പാരമ്പര്യമായി വായ്‌മൊഴിയായി പകര്‍ന്നുകിട്ടിയ ഗീതങ്ങളാണ് ഇവര്‍ ചൊല്ലുന്നത്. അല്ലിമംഗലത്ത് പുഷ്പകം തങ്കമണി ടീച്ചറാണ് നിലവിലെ ബ്രാഹ്മണി അമ്മ.

വഴിപാട് കൗണ്ടറില്‍ പേരും നക്ഷത്രവും പറഞ്ഞ് ബ്രാഹ്മണിപാട്ടിന് രസീതെടുത്ത ഭക്തര്‍ ദേവീദര്‍ശനത്തിനുശേഷം നാലമ്പലത്തിനുള്ളിലെ പാട്ടുപുരയിലിരിക്കുന്ന ബ്രാഹ്മണി അമ്മമാരെ നേരില്‍കണ്ട് വഴിപാടു നേരുകയും ബ്രാഹ്മണിപാട്ടു പാടിക്കുകയും ചെയ്യുന്നുണ്ട്. ഓണ്‍ലൈനായും ബ്രാഹ്മണിപാട്ട് നേരാവുന്നതാണ്. ഇവരുടെ പേരില്‍ പാട്ടുപുരയില്‍ ബ്രാഹ്മണിപാട്ട് നടത്തും. നടതുറപ്പ് മഹോത്സവം സമാപിക്കാന്‍ നാളുകള്‍ മാത്രം ശേഷിക്കേ വരുംദിവസങ്ങളില്‍ വന്‍ ഭക്തജനപ്രവാഹമാണ് പ്രതീക്ഷിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K