12 January, 2023 02:21:41 PM
ഭക്തര്‍ക്ക് കൗതുകമായി തിരുവൈരാണിക്കുളത്തെ പുതുമ മാറാത്ത ചുവര്‍ചിത്രങ്ങള്‍
കാലടി: തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ബലിക്കല്‍പ്പുര ഭിത്തിയിലെ പുതുമമാറാത്ത ചുവര്‍ചിത്രങ്ങള്‍ കൗതുകമാവുകയാണ്. ബലിക്കല്‍പ്പുരയില്‍ നിന്ന് നാലമ്പലത്തിലേക്കു കടക്കുന്ന നടവാതിലിന് ഇരുവശവുമുള്ള ഭിത്തികളിലാണ് ശിവപുരാണത്തിന്റെ കഥാസന്ദര്‍ഭങ്ങള്‍ ചുവര്‍ചിത്രങ്ങളായി ആവിഷ്‌കരിച്ചിരിക്കുന്നത്. ദേവഗണങ്ങളെയും സപ്തര്‍ഷികളെയും സാക്ഷിയാക്കി മഹാദേവന്‍ അര്‍ജുനന് പശുപതാസ്ത്രം സമ്മാനിക്കുന്ന സന്ദര്‍ഭമാണ് ഇടതുവശത്തെ ചുവരില്‍ ചിത്രീകരിച്ചിരിക്കുന്നത്. വലത് ഉമാമഹേശ്വരന്മാരും മുരുകന്‍, ഗണപതി, ഭദ്രകാളി, നന്ദികേശന്‍, ഭണഗതങ്ങള്‍ എല്ലാവരും ഉള്‍പ്പെടുന്ന കൈലാസത്തിലെ ശിവകുടുംബമാണ്.
അങ്കമാലിയിലെ വനമാലി മ്യൂറല്‍സിലെ കലാകാരന്മാരായ സുജാത അനില്‍കുമാറും അഭിലാഷ് വെളിയത്തുപറമ്പിലും ചേര്‍ന്നാണ് ഒരുവര്‍ഷം മുന്‍പാണ് ആറടി ഉയരവും നാലടി വീതിയുമുള്ള ചിത്രങ്ങള്‍ വരച്ചത്. ഭക്തരുടെ സഹകരണത്തോടെ ക്ഷേത്രത്തിന്റെ നാലമ്പല മതിലുകള്‍ ശിവപാര്‍വ്വതീ ചരിതങ്ങള്‍കൊണ്ട് വര്‍ണ്ണാഭമാക്കാനുള്ള ക്ഷേത്ര ട്രസ്റ്റിന്റെ പദ്ധതിപ്രകാരമാണ് ചുവര്‍ചിത്ര രചന. വനമാലി മ്യൂറല്‍സും വെള്ളാരപ്പിള്ളി സദ്ഗമയയില്‍ മനോജും ചേര്‍ന്നാണ് ഇആദ്യ ചുവര്‍ചിത്ര രചന സ്‌പോര്‍സണ്‍ ചെയ്തത്.
നടതുറപ്പ് ഉത്സവനാളില്‍ മഹാദേവന്റെ നടയില്‍ നിന്നു തൊഴുതിറങ്ങുന്ന ഭക്തരെ ചിത്രങ്ങളുടെ ഭംഗി ഏറെ ആകര്‍ഷിക്കുന്നുണ്ട്. കൂടാതെ ബലിക്കല്‍പ്പുരയുടെ മച്ചില്‍ പെരുന്തച്ചന്‍ കൊത്തിവച്ച പുത്രകാമേഷ്ടി യാഗം മുതല്‍ പട്ടാഭിഷേകം വരെയുള്ള രാമായണ കഥയും മഹാദേവന്റെ കിരാത കഥയും അഷ്ടദിക് പാലകരുമൊക്കെ ഭക്തര്‍ക്ക് വിഷ്മയകാഴ്ചകളാണ്.