09 January, 2023 07:53:51 PM
ദേവീദര്‍ശനപുണ്യത്തോടൊപ്പം അന്നപൂര്‍ണ്ണശ്വരിയുടെ അനുഗ്രഹവും: തിരക്കൊഴിയാതെ തിരുവൈരാണിക്കുളം
കാലടി: തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ നടതുറപ്പ് ഉത്സവത്തിലെത്തുന്ന ഭക്തര്‍ ദേവീദര്‍ശനപുണ്യത്തോടൊപ്പം അന്നപൂര്‍ണ്ണശ്വരിയുടെ അനുഗ്രഹവുമായാണ് മടങ്ങുന്നത്. നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ട്രസ്റ്റ് വര്‍ഷങ്ങളായി നടത്തിവരുന്ന അന്നദാനം ഭക്തരിപ്പോള്‍ ദേവീപ്രസാദമായാണ് കരുതുന്നത്. അന്നപൂര്‍ണ്ണേശ്വരിക്കു കാണിക്കയായി അന്നദാന നിധിയിലേക്ക് വിശ്വാസകള്‍ നല്‍കുന്ന ചെറു സംഭാവനകളാണ് നടതുറപ്പു നാളുകളില്‍ ഭക്തരുടെ വിശപ്പകറ്റുന്നത്.
കുത്തരിക്കഞ്ഞിയും പുഴുക്കും അച്ചാറുമാണ് ഇവിടത്തെ വിഭവങ്ങള്‍. രാവിലെ 9 മുതല്‍ ഭക്തര്‍ക്ക് യഥേഷ്ടം ഇത് ലഭ്യമാണ്. ദൂരദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകരെ സ്വകാര്യ ഭക്ഷണശാലകള്‍ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുന്നതിനും പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്ഷേത്ര ട്രസ്റ്റ് അന്നദാനമാരംഭിച്ചത്. ഇന്ന് ദര്‍ശനത്തിനെത്തുന്ന ഏതൊരാള്‍ക്കും ഇത് ഒഴിച്ചകൂടാനാകാത്തതാണ്.
മുന്‍കാലങ്ങളില്‍ നടതുറപ്പ് ഉത്സവ കാലങ്ങളില്‍ നിര്‍മ്മിക്കുന്ന താല്‍ക്കാലിക സംവിധാനങ്ങളില്‍ വച്ചായിരുന്നു അന്നദാനം നടത്തിയിരുന്നതെങ്കില്‍ ഇത്തവണ പുതിയ അന്നദാന മണ്ഡപത്തിലാണ് സൗകര്യമൊരുക്കിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റിന്റെ നിരന്തരമായ നിവേദനം പരിഗണിച്ച് സംസ്ഥാന ടൂറിസം വകുപ്പിന്റെ തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍പെടുത്തി നിര്‍മ്മിച്ചു നല്‍കിയതാണ് പുതിയ അന്നദാന മണ്ഡപം. അഞ്ഞൂറോളം പേര്‍ക്ക് ഒരേസമയം ഭക്ഷണം വിളമ്പാനുള്ള സൗകര്യമുണ്ട്. വിഭവങ്ങള്‍ വിളമ്പുന്നതിന് കണ്ടെയ്‌നറുകള്‍ ഘടിപ്പിച്ച ട്രോളികളും മറ്റു സംവിധാനങ്ങളുമുണ്ട്. അന്നദാന മണ്ഡപത്തിലെ അടുക്കളയിലാണ് കൂറ്റന്‍ വാര്‍പ്പുകളില്‍ കഞ്ഞിയും പുഴുക്കും തയാറാക്കുന്നത്.
ഒരു ദിവസം പതിനായിരം പേര്‍ക്കുള്ള കഞ്ഞിയും പുഴുക്കുമാണ് ഇവിടെ തയാറാക്കുന്നത്. വിളമ്പാനും ശുചീകരണത്തിനുമായി നൂറോളം വാളണ്ടിയര്‍മാരും രംഗത്തുണ്ട്. ദര്‍ശനം കഴിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങുന്ന വഴിയില്‍ തന്നെയാണ് അന്നദാന മണ്ഡപം. അന്നദാന നിധിയിലേക്ക് നടതുറപ്പു നാളുകളില്‍ തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ ഭക്തര്‍ നല്‍കിവരുന്നുണ്ട്.
ഉമാമഹേശ്വരന്മാര്‍ക്ക് വിശേഷപ്പെട്ട തിങ്കളാഴ്ചയും നാഗാരാധനയ്ക്ക് വിശേഷമായ ആയില്യവും ഒത്തുചേര്‍ന്ന ഇന്ന് ക്ഷേത്രത്തില്‍ നിരവധി ഭക്തര്‍ ദര്‍ശനം നടത്തി അര്‍ച്ചന നടത്തി. ക്ഷേത്രത്തിലെ നാഗദൈവ സന്നിധിയില്‍ നടന്ന ആയില്യം പൂജയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. നടതുറപ്പ് ഉത്സവത്തോടനുബന്ധിച്ച് എത്തിച്ചേര്‍ന്നിട്ടുള്ള പുള്ളുവ സംഘങ്ങള്‍ ഭക്തരുടെ ആയുരാരോഗ്യത്തിനും കുടുംബ ഐശ്വര്യത്തിനുമായി നാഗപ്രീതിക്കായി സര്‍പ്പംപാട്ടുകള്‍ പാടി.