06 January, 2023 08:18:05 PM
പേരൂർ മർത്തശ്മൂനി പള്ളിയിൽ ദൈവ മാതാവിന്‍റെ ഓർമ്മപ്പെരുന്നാളിന് തുടക്കം
ഏറ്റുമാനൂര്‍: ആഗോളതീർത്ഥാടന കേന്ദ്രമായ പേരൂർ മർത്തശ്മൂനി പള്ളിയിൽ, വിത്തുകളെ പ്രതിയുള്ള വി. ദൈവ മാതാവിന്‍റെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി. ജനുവരി 8ന് വി: സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാള്‍ ദിവസം കോട്ടയം ഭദ്രാസനാധിപനും പരി. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മാർ തീമോത്തീയോസ് മെത്രാപ്പൊലീത്തായുടെ മുഖ്യകാർമികത്വത്തിൽ വി: മൂന്നിൻമേൽ കുർബാന, പ്രദക്ഷിണം, കല്ലും തൂവാല നേർച്ച എന്നിവ നടക്കും. തുടർന്ന് പെരുന്നാളിന് കൊടി ഉയർത്തും.
ജനുവരി 15ന് വൈകുന്നേരം തെള്ളകം സെന്‍റ് മേരിസ് കുരിശുംതൊട്ടിയിൽ നിന്നും ആഘോഷപൂർവമായ റാസ ആരംഭിച്ച് പൂവത്തുംമൂട്, പള്ളിക്കുടം കവല വഴി മന്നാമല സെന്‍റ് ജോർജ്ജ് കുരിശുംതൊട്ടിയിൽ എത്തി പ്രാർത്ഥനക്ക് ശേഷം ഞരളത്തിൽ കവല വഴി പള്ളിയിൽ എത്തിച്ചേരുന്നു. പ്രധാന പെരുന്നാൾ ദിനമായ 16ന് രാവിലെ മൈലാപ്പൂർ ഭദ്രാസനാധിപൻ അഭി: ഐസക്ക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വി: അഞ്ചിന്മേൽ കുർബാന, തിരി എഴുന്നള്ളിപ്പ്, കുട്ടികളെ അടിമവെയ്പ്പ്, ഉച്ചക്ക് ശേഷം പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്, പെരുന്നാൾ കൊടിഇറക്ക് എന്നീ ചടങ്ങുകള്‍ നടക്കും.
22ന് വി: കുർബ്ബാനക്ക് ശേഷം ഭക്തസംഘടനകളുടെ വാർഷികം, പൊതുസമ്മേളനം എന്നീ പരിപാടികളോടെ പെരുന്നാളിന് സമാപ്തി കുറിക്കും. പെരുന്നാൾ പരിപാടികൾക്ക് വികാരി മാണി കല്ലാപ്പുറത്ത് കൊറേപ്പിസ്കോപ്പാ, സഹവികാരി ഫാ തോമസ് കറുകപ്പടി എന്നിവർ നേതൃത്വം നൽകും.