27 December, 2022 12:54:13 AM


തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 5 മുതല്‍



കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ മംഗല്യവരദായിനിയായ ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം 2023 ജനുവരി 5 മുതല്‍ 16 വരെ ആഘോഷിക്കും. ക്ഷേത്ര ഐതീഹ്യവുമായി ബന്ധപ്പെട്ട അകവൂര്‍ മനയില്‍ നിന്നും വാദ്യമേളങ്ങളുടെയും പൂക്കാവടിയുടെയും അകമ്പടിയോടെ ഘോഷയാത്ര ജനുവരി 5ന് വൈകിട്ട് 4.30ന് ആരംഭിക്കുന്നതോടെ നടതുറപ്പ് ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമാകും. തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ചശേഷം രാത്രി 8 ന് പ്രത്യേക ആചാരങ്ങളോടെയാണ് നട തുറക്കുന്നത്. തുടര്‍ന്ന് ഭക്തര്‍ ദര്‍ശനം നടത്തിയശേഷം രാത്രി 10ന് നട അടയ്ക്കും.


നടയ്ക്കല്‍ തിരുവാതിര കളിയും പൂത്തിരുവാതിര ചടങ്ങുകളും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 4 മുതല്‍ രാത്രി 9 വരെ ദര്‍ശനത്തിനായി ക്ഷേത്ര നട തുറന്നിരിക്കും. ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നതിനായി 50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. പ്രധാന വഴിപാടുകളായ പട്ട്, പുടവ, ഇണപ്പുടവ, താലി, തൊട്ടില്‍, വാല്‍ക്കണ്ണാടി തുടങ്ങിയവ ദേവിക്ക് സമര്‍പ്പിക്കുന്നതിനും പുഷ്പാഞ്ജലികള്‍, ധാര തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നതിനും ക്യൂവില്‍ തന്നെ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.


സാധാരണ ക്യൂ കൂടാതെ മുന്‍കൂട്ടി ദര്‍ശന ദിവസവും സമയവും ബുക്ക് ചെയ്ത് തിരക്കൊഴിവാക്കി ദര്‍ശനം നടത്തുന്നതിന് വെര്‍ച്വല്‍ ക്യൂ സംവിധാനവും തയാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ വെബ് സൈറ്റായ www.thiruvairanikkulamtemple.org സന്ദര്‍ശിച്ച് ലളിതമായ നടപടിക്രമങ്ങളിലൂടെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാവുന്നതാണ്. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് സൗജന്യമായി തിളപ്പിച്ചാറ്റിയ കുടിവെള്ളം ലഭിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനുമായി പൊലീസ് സേനക്കു പുറമേ പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡുകളും വളണ്ടിയര്‍മാരും കര്‍മ്മനിരതരായി രംഗത്തുണ്ടാകും.


ദര്‍ശനത്തിനുശേഷം പ്രധാന വഴിപാടുകളായ മഞ്ഞള്‍പ്പറ, എള്ള് പറ തുടങ്ങിയവ നിറയ്ക്കുന്നതിനും സൗകര്യമുണ്ടാകും. ദേവീപ്രസാദമായ അരവണപായസം, അപ്പം, അവല്‍ നിവേദ്യങ്ങള്‍ക്കായി ക്ഷേത്രത്തില്‍ പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. നിവേദ്യങ്ങളെല്ലാം അടങ്ങിയ  പ്രസാദകിറ്റും ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ കഞ്ഞി, പുഴുക്ക്, അച്ചാര്‍ എന്നിവയടങ്ങിയ അന്നദാനം നല്‍കുന്നതിന് വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തില്‍ നിന്നു പുറത്തേയ്ക്കിറങ്ങുന്ന വഴിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ടൂറിസം വകുപ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച അന്നദാനമണ്ഡപത്തിലാണ് ഇതിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്.


നടതുറപ്പ് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്കായി മന്ത്രി കെ. രാധാകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം, ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിന്റെയും ജില്ലാ കലക്ടര്‍ രേണുരാജിന്റെയും നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തിന്റെ തീരുമാനമനുസരിച്ച് ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. കെ.എസ്.ആര്‍.ടി.സി. ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി ഡിപ്പോകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് സ്‌പെഷ്യല്‍ ബസ് സര്‍വ്വീസുകള്‍ നടത്തുന്നതാണ്. കൂടാതെ തീര്‍ത്ഥാടന പാക്കേജില്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളുമുണ്ടാകും.


ഭക്തജനങ്ങളുടെ സുരക്ഷക്കായി പോലീസ് സേനാംഗങ്ങളും, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങളും ലഹരി മരുന്നിന്റെ ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു സമീപത്തുള്ള  മാറമ്പിള്ളി പി.എച്ച്.സിയിലും ശ്രീമൂലനഗരം എഫ്.എച്ച്.സിയിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഉത്സവത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങളിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും വില നിയന്ത്രണവും ഉറപ്പാക്കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പും ശുദ്ധജലലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റിയും തടസമില്ലാതെ വൈദ്യുതി വിതരണം സാധ്യമാക്കാന്‍ കെ.എസ്.ഇ.ബിയും രംഗത്തുണ്ടാകും.


ദൂരസ്ഥലങ്ങളില്‍ നിന്നുള്ള  ഭക്തര്‍ കുളിക്കുന്നതിനായി ഉപയോഗിക്കുന്ന പെരിയാറിലെ ക്ഷേത്ര ആറാട്ട് കടവ് മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കിയിട്ടുണ്ട്. കര്‍ശനമായ ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുനടത്തുന്ന നടതുറപ്പ് ഉത്സവത്തിനെത്തുന്ന ഭക്തര്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും ഒഴിവാക്കണം. മാലിന്യങ്ങള്‍ വലിച്ചെറിയാതെ വേസ്റ്റ് ബിന്നുകളില്‍ മാത്രം നിക്ഷേപിച്ച് ക്ഷേത്രപരിസരം ശുചിയാക്കി സൂക്ഷിക്കുന്നതിന് ഭക്തജനങ്ങളുടെ പരിപൂര്‍ണ്ണ  സഹകരണം ആവശ്യമാണ്.


ഭക്തജനങ്ങളെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി ക്ഷേത്രത്തിന്റെ 3 പാര്‍ക്കിംഗ് ഗ്രൗണ്ടുകളും സ്വകാര്യ പാര്‍ക്കിംഗ് ഗ്രൗണ്ടുകളും തയാറാക്കിയിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ നിന്നുവരുന്ന ബസ് പോലുള്ള വലിയ വാഹനങ്ങള്‍ ആലുവ - അങ്കമാലി റോഡില്‍ ദേശം കവലയില്‍ നിന്നോ ആലുവ - പെരുമ്പാവൂര്‍ കെ.എസ്. ആര്‍.ടി.സി റോഡിലെ മഹിളാലയം പാലത്തിലൂടെയോ തിരിഞ്ഞ് ശ്രീമൂലനഗരം - വല്ലം റോഡില്‍ പ്രവേശിച്ച് ക്ഷേത്രത്തില്‍ എത്തിച്ചേരാം. വടക്കന്‍ ജില്ലകളില്‍ നിന്നുവരുന്ന വലിയ വാഹനങ്ങള്‍ അങ്കമാലി - പെരുമ്പാവൂര്‍ എം.സി. റോഡിലൂടെ കാലടിയില്‍ വന്ന് വലത്തോട്ടു തിരിഞ്ഞ് ക്ഷേത്രത്തിലെത്തിച്ചേരാം. തെക്കന്‍ ജില്ലകളില്‍ നിന്നെത്തുന്ന ചെറുവാഹനങ്ങള്‍ക്ക് മാറമ്പിള്ളി ശ്രീമൂലം പാലം കടന്ന് സൗപര്‍ണ്ണിക പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാം.


വെര്‍ച്വല്‍ ക്യൂ ബുക്ക്  ചെയ്തിട്ടുള്ളവര്‍ക്ക് ബാര്‍കോഡ് അടങ്ങിയ ബുക്കിംഗ് രസീത് ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടുകളായ കൈലാസം, സൗപര്‍ണ്ണിക എന്നിവിടങ്ങളിലെ വെര്‍ച്വല്‍ ക്യൂ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച് ദര്‍ശനപാസ് വാങ്ങി ക്ഷേത്രത്തില്‍ പ്രവേശിക്കാവുന്നതാണ്. ക്ഷേത്രത്തില്‍ നടന്ന പത്ര സമ്മേളനത്തില്‍ പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂണ്‍കുമാര്‍, വൈസ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണന്‍, ജോയിന്റ്് സെക്രട്ടറി പി.ജി. സുകുമാരന്‍, ട്രസ്റ്റ് അംഗങ്ങളായ വെടിയൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, കെ.ജി. സുകുമാരന്‍, പി.കെ. നന്ദകുമാര്‍, പി.കെ. വേണുഗോപാല്‍, രാജേഷ് തോട്ടത്തില്‍, എന്‍. ഷാജന്‍, പി. അശോക് കുമാര്‍, എ.ജി. ശ്രീകുമാര്‍, മാനേജര്‍ എം.കെ. കലാധരന്‍ എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K