18 December, 2022 07:32:45 PM


ധാര്‍മ്മികത വെടിഞ്ഞുള്ള ജീവിതം സമൂഹത്തിന്‍റെ മൂല്യച്യുതിക്ക് കാരണം - സ്വാമി കൈവല്ല്യാനന്ദ സരസ്വതി



ഏറ്റുമാനൂര്‍: ഇതിഹാസഗ്രന്ഥങ്ങളായ മഹാഭാരതവും രാമായണവുമാണ് ഭാരതസാംസ്കാരത്തിന്‍റെ ഉറവിടമെന്ന് ശിവഗിരിമഠത്തിലെ പ്രധാന സന്യാസിമാരില്‍ ഒരാളായ സ്വാമി കൈവല്ല്യാനന്ദ സരസ്വതി. ഇതിഹാസം വെറും സാങ്കല്‍പിക കഥയല്ല. ചരിത്രമാണ്. മഹാഭാരതത്തിലെ ഓരോ സംഭവങ്ങളും ധര്‍മ്മത്തിലധിഷ്ഠിതമായ ജീവിതം നയിക്കാന്‍ നമ്മെ പഠിപ്പിക്കുകയാണ്. എന്നാല്‍ ധര്‍മ്മത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള നമ്മുടെ ജീവിതശൈലിയാണ് സമൂഹത്തില്‍ ഇന്ന് കാണുന്ന മൂല്യച്യുതിക്ക് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഏറ്റുമാനൂരില്‍ ശ്രീമഹാദേവ ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശ്രീമദ് മഹാഭാരതസത്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടരി കെ.എസ്.നാരായണന്‍ അധ്യക്ഷനായിരുന്നു. ഹൈക്കോടതി ജഡ്ജി എന്‍.നഗരേഷിന്‍റെ സന്ദേശം യോഗത്തില്‍ വായിച്ചു. ഏറ്റുമാനൂരപ്പന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ കെ.ആര്‍.അനന്തപത്മനാഭ അയ്യര്‍, ചിത്രകാരന്‍ രജി ചെറുശ്ശേരി, സത്രനിര്‍വഹണസമിതി കോ-ഓര്‍ഡിനേറ്റര്‍ ജി.പ്രകാശ്, പ്രസിഡന്‍റ് ഡോ.ആര്‍.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മഞ്ജു രാജേഷിന്‍റെ നൃത്തശില്‍പം അരങ്ങേറി.


നാളെ വൈകിട്ട് 4.30ന് നന്ദാവനം ഓഡിറ്റോറിയത്തില്‍ നമുക്ക് പരിചിതനല്ലാത്ത ഭഗവാന്‍ കൃഷ്ണന്‍ എന്ന വിഷയത്തില്‍ ശ്രീസത്യസായി പബ്ളിക്കേഷന്‍സ് എഡിറ്റര്‍ എന്‍.സോമശേഖരന്‍ പ്രഭാഷണം നടത്തും. സുപഥ സാസ്കാരിക പഠന ഗവേഷണകേന്ദ്രം ഡയറക്ടര്‍ ശ്യാം മലയില്‍ അധ്യക്ഷനായിരിക്കും. സത്രനിര്‍വണസമിതി കണ്‍വീനര്‍മാരായ എം.കെ.മുരളീധരന്‍, ജി.സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിക്കും.തുടര്‍ന്ന് മാതൃസമിതിയുടെ തിരുവാതിര അരങ്ങേറും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K