16 December, 2022 11:09:00 AM


കൊല്ലത്ത് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു



കൊല്ലം: കാറിന് തീപിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ പൊള്ളേറ്റ് മരിച്ചു. ചാത്തന്നൂർ വേളമാനൂര്‍ ഉമാമന്ദിരത്തില്‍ സുധി വേളമാനൂര്‍ (47) ആണ് മരിച്ചത്. കേരളകൗമുദി ദിനപത്രത്തിന്‍റെ ചാത്തന്നൂര്‍ പ്രാദേശിക ലേഖകനായ സുധി തിരക്കഥാകൃത്തും ഗാനരചയിതാവുമാണ്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സുധി താമസിക്കുന്ന മീനാട് പാലമുക്കിലെ വീടിന് മുന്നിലാണ് സംഭവം.

തന്റെ ആള്‍ട്ടോ കാര്‍ സുധി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് സംഭവം. കാറില്‍ തീ പടരുകയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന സുധി കാറിലിരുന്ന് കത്തി അമരുകയുമായിരുന്നു. അതിനിടെ പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരൻ പിന്നിലെ ഗ്ലാസ് തകർത്തും മുൻഭാഗത്തെ ഡോർ വലിച്ചുതുറന്നും രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സീറ്റ് ബെൽറ്റ് ധരിച്ചതിനാൽ സാധിച്ചില്ല. ഇതിനോടകം സുധിയുടെ ശരീരത്തിലേക്ക് തീ ആളിപ്പടർന്നിരുന്നു.

പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും കാര്‍ കത്തിക്കൊണ്ടിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി. നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചു. ഫയര്‍ഫോഴ്സ് എത്തി തീ അണച്ച ശേഷമാണ് സുധിയുടെ മൃതദേഹം തിരിച്ചറിയാനായത്. 

നിരവധി ടെലിഫിലിമുകൾക്ക് ഹ്രസ്വസിനിമകൾക്കും ആൽബങ്ങൾക്കും വേണ്ടി സുധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പരേതനായ കെ.പി. സുകുമാരന്റെയും സുശീലദേവിയുടെയും മകനാണ്. സഹോദരങ്ങൾ: സുനിത, സുലത, സുനിൽകുമാർ, സുനീഷ്, സുജ. ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K