12 December, 2022 06:31:15 PM
ശ്രീമദ് മഹാഭാരതസത്രം ഏറ്റുമാനൂരില്‍ ഡിസംബര്‍ 18 മുതല്‍ 22 വരെ
ഏറ്റുമാനൂര്‍: ശ്രീ മഹാദേവക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീമദ് മഹാഭാരത സത്രം ഡിസംബര്‍ 18 മുതല്‍ 22 വരെ ഏറ്റുമാനൂരില്‍ നടക്കും. ശ്രീശൈലം ഓഡിറ്റോറിയം, നന്ദാവനം ഓഡിറ്റോറിയം, മാധവം ഓഡിറ്റോറിയം എന്നീ മൂന്ന് വേദികളിലായാണ് സത്രം നടക്കുക.
18ന് വൈകിട്ട് ശ്രീശൈലം ഓഡിറ്റോറിയത്തില്‍ ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്.നാരായണന്‍റെ അധ്യക്ഷതയില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍.നഗരേഷ് ഉദ്ഘാടനം ചെയ്യും. ശിവഗിരിമഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ കുടുംബകോടതി ജഡ്ജി കെ.എന്‍.പ്രഭാകരന്‍, രക്ഷാധികാരിയും ഏറ്റുമാനൂരപ്പന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ.കെ.ആര്‍.അനന്തപത്മനാഭ അയ്യര്‍ തുടങ്ങിയവര്‍ പ്രസംഹിക്കും. തുടര്‍ന്ന് മഞ്ജു രാജേഷിന്‍റെ നൃത്തശില്‍പം അരങ്ങേറും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകിട്ട് 4.30ന് നന്ദാവനം ഓഡിറ്റോറിയത്തില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടക്കും. 19മുതല്‍ 21 വരെ തീയതികളില്‍ ശ്രീസത്യസായി പബ്ലിക്കേഷന്‍സ് എഡിറ്റര്‍ എന്‍.സോമശേഖരന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍റിഫ്ക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ.എന്‍.ഗോപാലകൃഷ്ണന്‍ , ഏറ്റുമാനൂരപ്പന്‍ കോളേജ് അസോസിയേറ്റ് പ്രഫസര്‍ സരിതാ അയ്യര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
ഇതോടനുബന്ധിച്ച് നടക്കുന്ന യോഗങ്ങളില്‍ യഥാക്രമം സുപഥ സാസംസ്കാരികകേന്ദ്രം ഡയറക്ടര്‍ ശ്യാം മലയില്‍, സത്രനിര്‍വഹണസമിതി രക്ഷാധികാരിയും സീനിയര്‍ സിറ്റിസണ്‍സ് അയോസിയേഷന്‍സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റുമായ എന്‍.അരവിന്ദാക്ഷന്‍ നായര്‍, റിട്ട ഡപ്യൂട്ടി ഡിഎംഓ തങ്കമ്മ സോമന്‍ എന്നിവര്‍ അധ്യക്ഷത വഹിക്കും. എം.കെ.മുരളീധരന്‍, ജി.സുരേഷ്കുമാര്‍, എം.പി.വിശ്വനാഥന്‍ നായര്‍, പി.എം.രാജശേഖരന്‍, വി.ജ്യോതി, ജയശ്രീ ഗോപിക്കുട്ടന്‍, രത്നമ്മ രാമചന്ദ്രന്‍ തടുങ്ങിയവര്‍ സംസാരിക്കും. തിരുവാതിര, ഭക്തിഗാനതരംഗിണി, ഡാന്‍സ് എന്നീ പരിപാടികളും നടക്കും.
സമാപനദിനമായ 22ന് വൈകിട്ട് 4.30ന് ക്ഷേത്രസംരക്ഷണസമിതി സംസ്ഥാനപ്രസിഡന്‍റ് എം.മോഹനന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം മിസ്സോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉത്തരകാശി ആദിശങ്കരബ്രഹ്മവിദ്യാപീഠം അധ്യക്ഷന്‍ ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ത്ഥ ്നുഗ്രഹപ്രഭാഷണം നടത്തും. ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്‍.ഹേമന്ദ്കുമാര്‍, കെ.പി.സഹദേവന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് മീനടം ബാബുവിന്‍റെ 'ദ്രൌപദി കഥ പറയുന്നു' കഥാപ്രസംഗവും നടക്കും.
ഡോ.ആര്‍.രാധാകൃഷ്ണന്‍ (പ്രസിഡന്‍റ്), ജി.വിനോദ് (ജനറല്‍ കണ്‍വീനര്‍), ജി.പ്രകാശ് (കോ-ഓര്‍ഡിനേറ്റര്‍), എസ്.എസ്.വിജയകുമാര്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള നിര്‍വഹണസമിതിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുക.