09 December, 2022 01:04:21 PM


എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച സംഭവം: മൂന്ന് എസ്എഫ്ഐക്കാർ അറസ്റ്റിൽ



കൊല്ലം: എസ്എന്‍ കോളജിൽ എഐഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. എസ്എൻ കോളജിലെ ബിരുദ വിദ്യാര്‍ഥികളായ ഗൗതം, രഞ്ജിത്, ശരത് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് കൊല്ലം എസ്എന്‍ കോളജില്‍ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്.

സംഭവത്തിൽ എഐഎസ്എഫുകാരായ 13 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഗുരുതരമായി പരിക്കേറ്റ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി നിയാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്‍റെ വൈരാഗ്യത്തിൽ കമ്പിവടിയും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്.

അക്രമത്തിൽ പരിക്കേറ്റവരെ പാരിപ്പള്ളിയിലെ കൊല്ലം മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും പ്രവർത്തിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് വ്യാഴാഴ്ച ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് നടത്തിയിരുന്നു. എഐഎസ്എഫ് പ്രവർത്തകർ നൽകിയ പരാതിയിൽ 26 പേർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമിച്ചവരിൽ പുറത്തുനിന്ന് എത്തിയവരും ഉണ്ടെന്ന് എഐഎസ്എഫ് ആരോപിക്കുന്നു.

അതേസമയം സംഭവത്തിൽ എസ്എഫ്ഐയ്ക്ക് ശക്തമായ താക്കീതുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തി. സംയമനത്തിന്‍റെ സമയം അവസാനിച്ചുവെന്നും ഇനി തെരുവിൽ നേരിടുമെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി ലാലു പറഞ്ഞു. പലിശ സഹിതം തിരിച്ചടിക്കുമെന്ന് സിപിഐ നേതാവ് ആർ വിജയകുമാർ പ്രതിഷേധ യോഗത്തിൽ പറഞ്ഞു. എസ്എൻ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ സ്ഫോടകവസ്തുക്കൾ കൊണ്ടുവരാറുണ്ടെന്നും കാംപസ് എസ്എഫ്ഐയുടെ ആയുധപ്പുരയാക്കി മാറ്റിയിട്ടുണ്ടെന്നും സിപിഐ നേതാക്കൾ ആരോപിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം നടന്ന കൊല്ലം കോർപറേഷൻ യോഗത്തിൽനിന്ന് സിപിഐ കൌൺസിലർമാർ വിട്ടുനിന്നു. എഐഎസ്എഫുകാർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് സിപിഐ പ്രതിനിധികൾ വിട്ടുനിന്നത്. അതേസമയം എഐഎസ്എഫുകാർ ലഹരിമാഫിയയെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് എസ്എഫ്ഐ ജില്ലാനേതൃത്വം ആരോപിച്ചു. ഈ സംഘത്തിൽപ്പെട്ട എഐഎസ്എഫ് നേതാവ് പരസ്യമായി ലഹരി ഉപയോഗിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ടെന്ന് എസ്എഫ്ഐ ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K