05 November, 2022 04:05:53 PM
വൈക്കത്ത് നാളെ കൊടിയേറ്റ്: അഷ്ടമി ദർശനം 17ന് ; ആറാട്ട്, കൂടിപ്പൂജ വിളക്ക് 18ന്
വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും. നാളെ രാവിലെ 7.10നും 9.10നും മദ്ധ്യേ തന്ത്രി മുഖ്യൻമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടേയും കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. പ്രസിദ്ധമായ വൈക്കത്തഷ്ടമി ദർശനം 17 ന് നടക്കും.
കൊടിയേറ്റിനെത്തുടർന്ന് 9.10ന് കൊടിക്കീഴിൽ തിരുവതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്. പ്രകാശ് ദീപം തെളിക്കും. 9.15ന് കലാമണ്ഡപത്തിൽ ചലച്ചിത്രതാരം ജയസൂര്യ ദീപം തെളിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം നാലിനും സംഗീതാർച്ചന, രാത്രി ഒമ്പതിന് കൊടിപ്പുറത്ത് വിളക്ക്. ഏഴിന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.15 വരെ സംഗീതക്കച്ചേരി, രാത്രി 7.30 ന് നൃത്തനൃത്ത്യങ്ങൾ. എട്ടിന് രാവിലെ എട്ടിന് ശ്രീബലി, 11 നും 12 നും സംഗീതക്കച്ചേരി, രാത്രി 9.30ന് നൃത്തനൃത്ത്യങ്ങൾ. ഒമ്പതിന് രാവിലെ എട്ടിന് ശ്രീബലി, 10.40 മുതൽ വൈകുന്നേരം 4.30 വരെ സംഗീതാർച്ചന. വൈകുന്നേരം ആറിന് പൂത്താലം വരവ്. ഏഴിന് നൃത്തനൃത്ത്യങ്ങൾ എന്നിവയാണ് പരിപാടികൾ.
10ന് രാവിലെ 10.30 മുതൽ നാലു വരെ സംഗീതാർച്ചന. വൈകുന്നേരം ആറിന് പൂത്താലം വരവ്. 5.30 മുതൽ 8.30വരെ നൃത്തനൃത്ത്യങ്ങൾ, തിരുവാതിരകളി, 9.30ന് നൃത്താർച്ചന. 11ന് രാവിലെ എട്ടിന് ശ്രീബലി. ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം. വൈകുന്നേരം ആറിനു പൂത്താലം വരവ്. 12ന് രാവിലെ 11ന് ചലച്ചിത്രതാരം പത്മശ്രീ ജയറാമും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. രാത്രി എട്ടിന് നൃത്തനൃത്ത്യങ്ങൾ. രാത്രി 11ന് ഋഷഭ വാഹനം എഴുന്നള്ളിപ്പ്.
13ന് രാവിലെ 10.30 മുതൽ വൈകുന്നേരം നാലു വരെ സംഗീതാർച്ചന. രണ്ടിന് ഉത്സവ ബലിദർശനം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, മേജർ സെറ്റ് പഞ്ചവാദ്യം ചോറ്റാനിക്കര വിജയൻ മാരാർ, കുനിശേരി ചന്ദ്രൻമാരാരും 70ൽപ്പരം കലാകാരന്മാരും ചേർന്നൊരുക്കുന്ന നാദവിസ്മയം. വൈകുന്നേരം 6.30 മുതൽ രാത്രി 10.30 വരെ തിരുവാതിര കളി, നൃത്തനൃത്ത്യങ്ങൾ, തുടർന്ന് മേജർ സെറ്റ് കഥകളി എന്നിവ നടക്കും.
14ന് രാവിലെ എട്ടിന് ഗജപൂജ, വൈകുന്നേരം നാലിന് ആനയൂട്ട്. ആദ്യ ആനയൂട്ട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. 4.30ന് പത്മശ്രീ പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിക്കുന്ന മേജർ സെറ്റ് പഞ്ചാരിമേളം, രാത്രി 10 ന് കഥകളി. 15ന് ഉച്ചയ്ക്ക് ഒന്നിന് മേജർ സെറ്റ് പഞ്ചവാദ്യം ചോറ്റാനിക്കര സത്യൻ മാരാരും സംഘവും. 9.30 ന് ഭക്തി ഗാനമേള. 16ന് രാവിലെ 11.40 മുതൽ വൈകുന്നേരം അഞ്ചു വരെ സംഗീത കച്ചേരി, 7.30 ചലച്ചിത്രതാരം വിനീതും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം ശിവാഞ്ജലി, രാത്രി 10ന് മല്ലാരി ഫ്യൂഷൻ.
അഷ്ടമി ദിനമായ 17ന് പുലർച്ചെ 4.30ന് അഷ്ടമി ദർശനം. വൈകുന്നേരം നാലിന് ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, ക്ഷേത്ര കലാപീഠം പ്രതിഭകൾ എന്നിവരെ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ ആദരിക്കും. മന്ത്രി വി.എൻ. വാസവൻ ഉപഹാരങ്ങൾ നൽകും. ആറിന് ഹിന്ദുമത കൺവൻഷൻ ജസ്റ്റീസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ഗായത്രി വീണക്കച്ചേരി, രാത്രി 11ന് ഉദയനാപുരത്തപ്പന്റെ വരവ്. പുലർച്ചെ രണ്ടിന് അഷ്ടമി വിളക്ക്, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്. 18ന് ആറാട്ട്, കൂടിപ്പൂജ വിളക്ക് എന്നിവയോടെ ഉത്സവം സമാപിക്കും.