20 October, 2022 06:00:11 PM


യുവാക്കളെ മര്‍ദിച്ച സംഭവം: എസ് എച്ച് ഒ ഉൾപ്പെടെ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍



കൊല്ലം: കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കിളികൊല്ലൂര്‍ എസ്.എച്ച്.ഒ. വിനോദ്, എസ്.ഐ. അനീഷ്, ഗ്രേഡ് എസ്.ഐ. പ്രകാശ് ചന്ദ്രന്‍, സി.പി.ഒ. മണികണ്ഠന്‍പിള്ള എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച് ദക്ഷിണമേഖലാ ഐ.ജി. പി. പ്രകാശ് ഉത്തരവിറക്കി.

സൈനികനായ വിഷ്ണു, സഹോദരന്‍ വിഘ്‌നേഷ് എന്നിവരെയാണ് കിളികൊല്ലൂര്‍ സ്‌റ്റേഷനിലെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതായി പരാതികളുയർന്നത്. എം.ഡി.എം.എ. കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പോലീസുകാരെ ആക്രമിച്ചെന്നുമായിരുന്നു കിളികൊല്ലൂര്‍ പോലീസിൻ്റെ വിശദീകരണം.

12 ദിവസം ഇരുവരെയും റിമാന്‍ഡ് ചെയ്തിരുന്നു. വാര്‍ത്തയായതോടെ വിഷ്ണുവിന്റെ വിവാഹവും മുടങ്ങി. പിന്നീട് വിഷ്ണുവും വിഘ്‌നേഷും പോലീസില്‍നിന്നുണ്ടായ ക്രൂരമര്‍ദനത്തെക്കുറിച്ച് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. ഇതോടെയാണ് പോലീസ് സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തി പോലീസുകാരെ സസ്പെൻ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K