03 October, 2022 08:14:26 PM


ശങ്കരാചാര്യര്‍ ആദ്യക്ഷരം കുറിച്ച ആവണംകോട് ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്ക്



കൊച്ചി: ജഗദ്ഗുരു ശങ്കരാചാര്യരെ എഴുത്തിനിരുത്തിയ നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഭക്തജനങ്ങളുട അഭൂതപൂര്‍വ്വമായ തിരക്ക്. വിദ്യയുടെ അധിദേവതകളായ ആദിഗുരു ദക്ഷിണാമൂര്‍ത്തിയും ഗണപതിയും സരസ്വതിയും സമ്മേളിക്കുന്ന ക്ഷേത്രം പഠനപുരോഗതിക്ക് ഏറെ പ്രശസ്തികേട്ട ആരാധനാലയമാണ്.  

സംഗീതാരാധനയും നൃത്തപരിപാടികളും വിവിധ കലകളുടെ അരങ്ങേറ്റവും ഇടതടവില്ലാതെയാണ് ഈ നവരാത്രി നാളുകളില്‍ നടന്നുവരുന്നത്. വിജയിദശമിനാളില്‍ നൂറുകണക്കിന് കുരുന്നുകള്‍ ഇവിടെ ഹരിശ്രീ കുറിക്കും. ഉന്നതവിജയവും കുടുംബ ഐശ്വര്യവും ലഭിക്കുന്നതിന് വിശേഷാല്‍ നവരാത്രി പൂജകളുമുണ്ട്. 108 ദുര്‍ഗാക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തില്‍ ശാന്തസ്വരൂപിണിയായ കുമാരിയാണ്.  

പ്രതിഷ്ഠക്കു പകരം ദേവീചൈതന്യം ഉള്‍ക്കൊള്ളുന്ന ഒരു ശില മാത്രയാണിവിടെ. പടിഞ്ഞാറോട്ടു ദര്‍ശനമായിരിക്കുന്ന ദേവിയെ സാധാരണ ദിവസങ്ങളില്‍ വെളളിഗോളകയാണ് അണിയിക്കുക. വിശേഷദിനങ്ങളില്‍ സ്വര്‍ണഗോളകയും അണിയിക്കുന്നു.

സരസ്വതീദേവിയുടെ നടയില്‍ 'നാവ് - മണി - നാരായം' സമര്‍പ്പിച്ചാല്‍ കുട്ടികള്‍ സ്ഫുടമായി സംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കൈയക്ഷരം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. നവരാത്രികാലയളവില്‍ ഈ വഴിപാട് നടത്തുന്നതിനായി അന്യസംസ്ഥാനങ്ങളില്‍നിന്നു വരെ ഭക്തര്‍ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്. ഇവിടെ പൂജിച്ചു നല്‍കുന്ന സാരസ്വതഘൃതം (ജപിച്ച നെയ്യ്) കഴിച്ചാല്‍ കുട്ടികള്‍ക്കു പഠനത്തില്‍ കൂടുതല്‍ താല്‍പര്യം ഉണ്ടാവുകയും പരീക്ഷകളില്‍ ഉന്നത വിജയം ലഭിക്കുകയും ചെയ്യുമത്രേ. ജാതകത്തില്‍ ബുധനു ബലക്കുറവുള്ളവര്‍ ഇവിടെവന്നു പ്രാര്‍ത്ഥിക്കാറുണ്ട്.

നമസ്‌കാരമണ്ഡപത്തിന് താഴെ ദക്ഷിണാമൂര്‍ത്തി, ഗണപതി, സിംഹം (വാഹനം) ദേവിക്ക് അഭിമുഖമായി ഇരിക്കുന്നു. ക്ഷേത്രത്തിന് തൊട്ട് സ്ഥിതിചെയ്യുന്ന രാമന്‍ചിറ ക്ഷേത്രത്തില്‍ ഭദ്രകാളി, ശ്രീധര്‍മ്മശാസ്താവ് എന്നിവര്‍ കിഴക്കോട്ട് ദര്‍ശനമായി കുടികൊള്ളുന്നു. വിശേഷാല്‍ പൂജകളും കടുംപായസവും ഇവിടെ പ്രധാനം. പ്രാചീന അനുഷ്ഠാനകലയായ മുടിയേറ്റ് മീനമാസത്തിലെ താലപ്പൊലിയോട് അനുബന്ധിച്ച് നടന്നുവരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K