20 September, 2022 09:31:47 PM
വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു
കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. കേരള ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നതിനു പിന്നാലെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനത്തിൽ അഭിരാമി (18) ആണ് മരിച്ചത്. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ അഭിരാമി അജികുമാറിന്‍റെയും ശാലിനിയുടേയും മകളാണ്.
ഇന്ന് വൈകിട്ട് കോളേജിൽ നിന്നും എത്തിയ ശേഷമാണ് വീട്ടിൽ ജപ്തി നോട്ടീസ് പതിച്ച വിവരം അഭിരാമി അറിഞ്ഞത്. ഇതേതുടര്‍ന്ന് വലിയ മനോവിഷമത്തിലായിരുന്നു വിദ്യാർത്ഥിനി. അതേസമയം, വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി എൻ വാസവൻ. സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി വി എൻ വാസവൻ.