07 September, 2022 03:36:58 PM


കൊല്ലത്ത് 14കാരനെ തട്ടിക്കൊണ്ടു പോകാനുള്ള ക്വ‌ട്ടേഷൻ കടം വാങ്ങിയ പത്ത് ലക്ഷം രൂപക്കുവേണ്ടി



കൊല്ലം: കണ്ണനല്ലൂരിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് തട്ടിക്കൊണ്ടുപോയ 14 വയസുകാരനെ പൊലീസ് അത്ഭുതകരമായി രക്ഷപ്പെടുത്തി. കൊട്ടിയം വാലിമുക്കിൽ വാടകക്ക് താമസിക്കുന്ന കണ്ണനല്ലൂർ സ്വദേശി ആസാദിന്‍റെ മകൻ ഒമ്പതാം ക്ലാസുകാരനായ ആഷിക്കിനെയാണ് കാറിൽ വന്ന സംഘം ബലമായി വണ്ടിയിൽ കയറ്റിക്കൊണ്ടു പോയത്. തമിഴ്നാട് അതിർത്തിയിൽ നിന്ന് പാറശാല പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.  സംഭവത്തിൽ കാട്ടുതറ പുളിയൻവിള തെറ്റയിൽ സോമന്‍റെ മകൻ ബിജു(30) വിനെ കൊട്ടിയം  പൊലീസ് അറസ്റ്റ് ചെയ്തു.

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ട് പോയത്. കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും പത്ത് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകിയില്ല. പണം വാങ്ങിയെടുക്കാൻ ബന്ധുവിന്റെ മകനായ ബിജു ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് വിവരം. മർത്താണ്ഡത്ത് ബി ഫാമിന് പഠിക്കുന്നയാളാണ് ബിജു. കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷൻ നൽകിയത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം കുട്ടിയെ തട്ടി കൊണ്ടുപോയത്. കുട്ടിയെ തട്ടിയെടുത്ത് തമിഴ്‌നാട് മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. 

സംഘം വീട്ടിൽ അതിക്രമിച്ചുകയറി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ സഹോദരി തടയാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച ശേഷം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് വ്യക്തമായതോടെ എല്ലാ സ്റ്റേഷനുകളിലും വിവരമറിയിച്ചിരുന്നു. തുടർന്ന് തമിഴ്നാട് രജിസ്ട്രേഷനുള്ള കാർ പിന്തുടർന്ന പാറശാല പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒരാളൊഴികെ ബാക്കിയുള്ളവർ ഓടിരക്ഷപ്പെട്ടു. അറസ്റ്റിലായ ബിജു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K