06 September, 2022 10:43:21 PM


ഓണനാളുകളിലെ പൂജകൾക്കായി ശബരിമല നട തുറന്നു; ശനിയാഴ്ച അടയ്ക്കും



ശബരിമല: ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്നു ദീപങ്ങൾ തെളിച്ചു. പുതിയ ക്ഷേത്ര കീഴ്ശാന്തി വി.എൻ.ശ്രീകാന്ത് നമ്പൂതിരിയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിച്ചു. 

തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ പ്രാസാദ ശുദ്ധിയും പുണ്യാഹവും നടന്നു. ക്ഷേത്ര ശ്രീകോവിലിൽ കഴിഞ്ഞ ദിവസങ്ങളിൽ അറ്റകുറ്റപണി നടന്നതിനെ തുടർന്നായിരുന്നു ശുദ്ധിപൂജ. ഉത്രാടദിനമായ നാളെ പുലർച്ചെ 5 മണിക്ക് തിരുനട തുറക്കും. തുടർന്ന് അഭിഷേകം നടക്കും.
 
നാളെ മുതല്‍ ശനിയാഴ്ച വരെ ക്ഷേത്രനട തുറന്നിരിക്കും. ഉത്രാട ദിനം മുതൽ ചതയം ദിനം വരെ ഭക്തർക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ഉത്രാടദിന സദ്യയുടെ ഭാഗമായുള്ള കറിക്ക് വെട്ടൽ ചടങ്ങും നടന്നു. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 4 ദിവസങ്ങളിലും ഉണ്ടായിരിക്കും. 

10-ാം തീയതി രാത്രി 10 മണിക്ക് ഹരിവരാസനം  പാടി തിരുനട അടയ്ക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K