28 August, 2022 09:17:01 AM


രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്ത് ? കൊല്ലത്ത് തർക്കം



കൊല്ലം: രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്ത് ഏതെന്ന കാര്യത്തിൽ കൊല്ലം ജില്ലയിൽ തർക്കം. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തും ചവറ തെക്കുംഭാഗം പഞ്ചായത്തുമാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. കുളത്തൂപ്പുഴയെ ഭരണഘടന സാക്ഷരത നേടിയ ആദ്യ പഞ്ചായത്തായി ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപനം നടത്തും. ചവറ തെക്കുംഭാഗം പഞ്ചായത്ത് ഇന്നലെ സമാന പ്രഖ്യാപനവുമായി യോഗം സംഘടിപ്പിച്ചു.

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്താണ് രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്ത് എന്ന് പിആർഡി മുഖേന അറിയിപ്പുണ്ടായിരുന്നു. ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുളത്തപ്പുഴയിൽ നടത്തുന്ന വിപുലമായ പരിപാടിയിൽ ഈ പ്രഖ്യാപനവും നടത്തും. വലിയ ആഘോഷ പരിപാടികൾ ആണ് കുളത്തുപ്പുഴയിൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ കുളത്തുപ്പുഴ പഞ്ചായത്ത് പ്രഖ്യാപനം നടത്തുന്നതിന് ഒരു ദിവസം മുൻപേ തങ്ങളാണ് ആദ്യ ഭരണഘടന സാക്ഷരത നേടിയ പഞ്ചായത്ത് എന്ന് തെക്കുംഭാഗം പഞ്ചായത്തിന്റെ പ്രഖ്യാപനം.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രഖ്യാപനം നടത്താനിരുന്നത് മന്ത്രി കെഎൻ ബാലഗോപാലാണ്. എന്നാൽ പ്രഖ്യാപനം നടത്താൻ മന്ത്രി എത്തിയില്ല. ഗവർണർ പങ്കെടുക്കുന്ന കുളത്തൂപ്പുഴയിലെ പരിപാടിയിൽ അധ്യക്ഷനും മന്ത്രി കെ.എൻ ബാലഗോപാൽ തന്നെ. ഈ പരിപാടിയിലും മന്ത്രി പങ്കെടുക്കുമോ എന്ന് കാത്തിരുന്നു കാണണം. രണ്ട് പഞ്ചായത്തുകളും ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ജില്ലാ പഞ്ചായത്ത് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K