14 August, 2022 01:39:30 AM
കൊല്ലത്ത് ആശുപത്രി വളപ്പില്‍ വീണ്ടും മരം മോഷണം; 5 ലക്ഷം വിലവരുന്ന ചന്ദനം മുറിച്ചുകടത്തി
കൊല്ലം: നെടുമ്പനയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മരം മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം നെടുമ്പന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍റെ വളപ്പില്‍ നിന്ന് ചന്ദനമരം മോഷണം പോയി. മാസങ്ങള്‍ക്ക് മുന്‍പാണ് നെടുമ്പന ആയുര്‍വേദ ആശുപത്രി വളപ്പിലെ 27 മരങ്ങള്‍ അനുമതിയില്ലാതെ മുറിച്ച് കടത്തിയത്.
നെടുമ്പനയില്‍ ഏറ്റവും ഒടുവിലെ മരംമോഷണം നെടുമ്പന ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വളപ്പില്‍ നിന്നാണ്. രാത്രിയുടെ മറവിലാണ് ഏകദേശം 5 ലക്ഷത്തിന് മുകളില്‍ വില വരുന്ന ചന്ദനമരം മുറിച്ച് കടത്തിയത്. ആശുപത്രിയുടെ പി പി ബ്ലോക്കിന് സമീപത്തുനിന്ന ചന്ദനമരമാണ് മോഷ്ടിച്ചത്. പതിമൂന്നര ഏക്കര്‍ സ്ഥലമാണ് ആശുപത്രിക്കുള്ളത്. എന്നാല്‍ ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം. മരം മോഷണത്തില്‍ ആശുപത്രി സൂപ്രണ്ട് നെബു ജോണ്‍ പൊലീസില്‍ പരാതി നല്‍കി.
നെടുമ്പന ഗവണ്‍മെന്‍റ് ആയുര്‍വേദ ആശുപത്രി വളപ്പില്‍ നിന്നും 27 മരം മുറിച്ചു കടത്തിയത് പഞ്ചായത്തിന്‍റെ ഒത്താശയോടെയാണെന്ന ആരോപണം ശക്തമാണ്. മരം മോഷണവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ ഡോക്ടറെ സ്ഥലം മാറ്റിയതും വിവാദമായിരുന്നു.