03 August, 2022 08:18:18 PM
ഭാര്യയുമായുള്ള വഴക്ക്: മദ്യപിച്ചെത്തി വീടിന് തീവെച്ചു; കൊല്ലത്ത് 48കാരൻ പിടിയില്‍
കൊല്ലം: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് മദ്യപിച്ചെത്തി വീട് തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പാരിപ്പള്ളി എഴിപ്പുറം അഫ്‌സല്‍ മന്‍സിലില്‍ അസിം (48) ആണ് പിടിയിലായത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാൾ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. പാരിപ്പള്ളി എഴിപ്പുറത്തുള്ള വീട്ടിൽ താമസിച്ചുവരികയായിരുന്നു ഇയാൾ.
മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യയെയും മക്കളെയും മര്‍ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം മദ്യപിച്ചെത്തി ഇവര്‍ താമസിച്ചിരുന്ന വീടിന് തീവെക്കുകയായിരുന്നു. തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പാരിപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്തകേസിലാണ് പ്രതി പിടിയിലായത്. പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ചർ എ അൽ ജബ്ബാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സുരേഷ് കുമാർ, സാബുലാൽ, എഎസ്ഐ ഷാജഹാൻ, സിപിഒ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.