28 July, 2022 03:50:30 PM
ശ്വാസംമുട്ടലിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
കൊല്ലം: ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കൊല്ലം ജോനകപ്പുറം ബുഷറ മന്‍സിലില്‍ അബ്ദുല്‍ ബാരി (34) പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായി. ഇയാളുടെ ഭാര്യ ആമിന (22) കഴിഞ്ഞ 22ന് മരിച്ച സംഭവമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. 22ന് രാവിലെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടുവെന്ന് പറഞ്ഞാണ് അബ്ദുല്‍ ബാരിയും ബന്ധുക്കളും ചേര്‍ന്ന് ആമിനയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ആമിന മരിച്ചിരുന്നു.
ആമിനയുടെ മരണത്തിൽ പിതാവ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചത്. യുവതിക്ക് ശ്വാസതടസ്സം അനുഭവപ്പെടാന്‍ തക്ക അസുഖങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും, മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതിനാല്‍ ഉണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഇതോടെ സിറ്റി പൊലീസ് കമീഷണര്‍ മെറിന് ജോസഫിന്റെ നിര്‍ദേശപ്രകാരം പള്ളിത്തോട്ടം പൊലീസ് തെളിവുകള്‍ നിരത്തി അബ്ദുല്‍ ബാരിയെ ചോദ്യം ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആദ്യം പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകിയെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
കൊല്ലം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എ. അഭിലാഷിന്റെ മേല്‍നോട്ടത്തില്‍ പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ആര്. ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുകേഷ്, അനില്‍ ബേസില്‍, ജാക്സണ് ജേക്കബ്, എ.എസ്.ഐമാരായ കൃഷ്ണകുമാര്‍, സുനില്‍, എസ്.സി.പി.ഒമാരായ സുമ ഭായ്, ഷാനവാസ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.