20 July, 2022 07:49:42 AM
അടിവസ്ത്രം അഴിപ്പിച്ച സംഭവം: കോളജിന്റെ ജനൽ ചില്ലുകൾ തകർത്ത എബിവിപി നേതാവ് റിമാൻഡിൽ
കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം ആയൂർ മാർത്തോമ കോളജിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ കോളജിന്റെ ജനലുകൾ അടിച്ചുതകർത്ത കേസിൽ എബിവിപി നേതാവ് റിമാൻഡിൽ. എബിവിപി കൊല്ലം സംഘടന സെക്രട്ടറി കെ.എം.വിഷ്ണുവാണ് റിമാൻഡിലായത്. കെഎസ്യു, എസ്എഫ്ഐ, എബിവിപി സംഘടനകളാണ് കോളജിലേക്ക് മാർച്ച് നടത്തിയത്.
കെഎസ്യു പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകർ ക്യാമ്പസിനുള്ളിലേക്ക് തള്ളിക്കയറി. ഇതിനിടെ എബിവിപി പ്രവർത്തകർ കോളജിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. മാർച്ചിൽ വൻ സംഘർഷമുണ്ടായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശിയിരുന്നു. പ്രാദേശിക മാധ്യമപ്രവർത്തകൻ ഉൾപ്പെടെ നിരവധിപ്പേർക്ക് സംഘർഷത്തിനിടെ പരിക്കേറ്റു.