27 June, 2022 10:14:47 AM
കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ കുഴഞ്ഞു വീണു; രക്ഷകയായത് ഗര്‍ഭിണിയായ നഴ്‌സ്
കൊല്ലം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ കുഴഞ്ഞുവീണ രോഗിയുടെ ജീവൻ രക്ഷിച്ചത് ഗർഭിണി കൂടിയായ നഴ്സിന്‍റെ അശ്വതിയുടെ സമയോചിതമായ ഇടപെടല്‍. കഴിഞ്ഞ ദിവസം കൊല്ലം - തെങ്കാശി കെഎസ്ആർടിസി ഫാസ്റ്റ് ബസിലാണ് സംഭവം. വാഹനം കൊല്ലം കരിക്കോട് ജംഗ്ഷൻ എത്തിയപ്പോൾ പിറകിലെ സീറ്റിൽ ഇരുന്ന ഒരാൾ കുഴഞ്ഞു വീണു. കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെയുള്ളവർ രോഗിയെ പിടിച്ചെഴുന്നേൽപ്പിച്ചെങ്കിലും പ്രശ്‌നം ഗുരുതരമാണെന്ന് മനസ്സിലാക്കി.
അപ്പോഴാണ് ബസ്സിലുണ്ടായിരുന്ന അഞ്ചു മാസം ഗർഭിണി കൂടിയായ അശ്വതി ശാരീരിക ബുദ്ധിമുട്ടുകൾ വകവെക്കാതെ കുഴഞ്ഞുവീണയാൾക്ക് രക്ഷകയായി എത്തിയത്. അശ്വതി രോഗിയെ പരിശോധിക്കുകയും ഹൃദയാഘാതമെന്ന് തിരിച്ചറിയുകയും ചെയ്തു. രോഗിക്ക് സിപിആർ നൽകിയ ശേഷം സമീപത്തെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം അശ്വതി ജോലിചെയ്യുന്ന ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി. രോഗി അപകടാവസ്ഥ തരണം ചെയ്തതിനുശേഷമാണ് അശ്വതി ആശുപത്രി വിട്ടത്.
അശ്വതിയുടെ സമയോചിതമായ ഇടപെടൽ തുണയായെന്ന് യാത്രക്കാരും ഡോക്ടർമാരും സാക്ഷ്യപ്പെടുത്തി. നഴ്‌സുമാർ ഭൂമിയിലെ മാലാഖമാർ തന്നെയാണെന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാവുകയാണ് കൊല്ലം ജില്ലാ ആശുപത്രിയിലെ നഴ്‌സായ അശ്വതി. കുണ്ടറ മുളവന സ്വദേശിയായ ശരത് ബാബുവിന്‍റെ ഭാര്യയാണ് അശ്വതി. ഗർഭിണിയായ അശ്വതിക്ക് ഒരു മകളുമുണ്ട്.