25 June, 2022 09:02:56 AM
കൊല്ലം ആര്യങ്കാവിൽ നിന്ന് പതിനായിരം കിലോ ചീഞ്ഞ മത്സ്യം പിടികൂടി
കൊല്ലം: കൊല്ലം ആര്യങ്കാവിൽ നിന്ന് പതിനായിരം കിലോ ചീഞ്ഞ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്നുമെത്തിച്ച പതിനായിരം കിലോ ചൂരമീനാണ് പിടികൂടിയത്. മൂന്ന് ലോറികളില്‍ നിന്നായാണ് മീന്‍ പിടികൂടിയത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. 10,750 കിലോ പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു.
മീന്‍ പൂര്‍ണമായും പൂപ്പല്‍ ബാധിച്ചതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ പഴകിയ മീൻ എത്തിക്കാൻ സാധ്യതയുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മീൻ പിടികൂടിയത്. നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു മീൻ കൊണ്ടുവന്നത്.